നീലേശ്വരത്തെ മണ്‍മതില്‍ വിവാദം: ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്ന് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും

നീലേശ്വരം: ദേശീയപാത 66ന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് നിര്‍മ്മിക്കാന്‍ പോകുന്ന അശാസ്ത്രീയമായ മണ്‍മതിലിനെതിരെ ജനകീയ സമരസമിതി പ്രതിനിധികള്‍ കണ്ണൂരിലെ നാഷണല്‍ ഹൈവേ അതോറിറ്റി (NHAI) ഓഫീസിലെത്തി ചര്‍ച്ച നടത്തി. പ്രോജക്ട് ഡയറക്ടര്‍ ഉമേഷ് ഗാര്‍ഗ്, ഡെപ്യൂട്ടി മാനേജര്‍ യഷാര്‍ഥ് ശ്രീവാസ്തവ എന്നിവരുമായാണ് സമിതി പ്രതിനിധികളായ ശ്രീനാഥ് ശശി ടി സി വി, രാജു പി, ഡി. രാജന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയത്. സമരസമിതി ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം കേട്ട ഉദ്യോഗസ്ഥര്‍, സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി മാനേജര്‍ ഇന്ന് (ശനിയാഴ്ച) തന്നെ നീലേശ്വരത്ത് സന്ദര്‍ശനം നടത്തുമെന്ന് ഉറപ്പുനല്‍കി. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ അശാസ്ത്രീയതയും അപകടസാധ്യതയും സമിതി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. നിര്‍മ്മാണ സ്ഥലത്തെ ആഴത്തിലുള്ള ചെളിയില്‍ മുന്‍പ് ജെ.സി.ബി പൂര്‍ണ്ണമായും താഴ്ന്നുപോയത് ഇതിന്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നുവെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. യാതൊരു മുന്നൊരുക്കവുമില്ലാതെ ഇത്തരം പ്രദേശങ്ങളില്‍ ഭീമമായ തോതില്‍ മണ്ണുനിറച്ച് മതില്‍ നിര്‍മ്മിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുമെന്ന് സമിതി വ്യക്തമാക്കി.
നീലേശ്വരം നഗരത്തെ രണ്ടായി വിഭജിക്കുന്ന മണ്‍മതില്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്നും, പകരം നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ മുതല്‍ കോട്ടപ്പുറം ജംഗ്ഷന്‍ വരെ ആകാശപാത (Elevated Highway) നിര്‍മ്മിക്കണമെന്നുമാണ് പ്രധാന ആവശ്യം. നിലവിലെ രൂപരേഖ പ്രകാരം മണ്‍മതില്‍ വന്നാല്‍ സര്‍വീസ് റോഡുകള്‍ ഗതാഗതക്കുരുക്കിലാകുമെന്നും, കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അധികൃതരെ ധരിപ്പിച്ചു.
‘നീലേശ്വരത്തെ വിഭജിക്കരുത്, മണ്‍മതിലുകള്‍ അല്ല ആകാശപാതയാണ് വേണ്ടത്’ എന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ക്കറ്റ് ജംഗഷനില്‍ ഇതിനോടകം തന്നെ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. ശ്രീനാഥ് ശശി ടി സി വി (ചെയര്‍മാന്‍), ഡി. രാജന്‍ (കണ്‍വീനര്‍), സാദിക്ക് ഹാജി കോട്ടപ്പുറം (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ ജനകീയ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ആകാശപാത എന്ന ആവശ്യം നേടിയെടുക്കുന്നത് വരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനം

 

error: Content is protected !!