പാലക്കുന്ന് ഭരണി: ആയിരത്തിരി ഉത്സവം ഇന്ന്; ഐതിഹ്യ പെരുമ നിറഞ്ഞ കളംകയ്യേല്‍ക്കല്‍ കാണാന്‍ ആയിരങ്ങളെത്തും

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന്റെ ഭാഗമായ ഭൂതബലി, താലപ്പൊലി ഉത്സവങ്ങള്‍ സമാപിച്ചു. പ്രധാന ഉത്സവമായ ആയിരത്തിരിക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് 5 ന് ക്ഷേത്ര ഭജന സമിതിയുടെ ഭജനയും 8ന് പൂരക്കളിയും നടക്കും. രാത്രി 10.15ന് ഉദുമ പ്രദേശ് തിരുമുല്‍ക്കാഴ്ചയില്‍ കലംകനിപ്പ് നിവേദ്യം ഉണ്ടാക്കാന്‍ ആവശ്യമായ പാത്രങ്ങള്‍ കാഴ്ചവസ്തുവായി സമര്‍പ്പിക്കും. 11.15ന് ക്ഷേത്രത്തിലെത്തുന്ന ഉദുമ പടിഞ്ഞാര്‍ക്കര കാഴ്ചയില്‍ തിടമ്പ് എഴുന്നള്ളത്തിന് ആവശ്യമായ പട്ടുക്കുടകളായിരിക്കും സമര്‍പ്പണം. 68 വര്‍ഷം തുടര്‍ച്ചയായി സമര്‍പ്പണം നടത്തുന്ന പള്ളിക്കരതണ്ണീര്‍പുഴ കാഴ്ച വരവ് 12.15നായിരിക്കും. കളനാട്‌വാഴവളപ്പ് പ്രദേശ് കാഴ്ച 1.15നും ക്ഷേത്രത്തില്‍ എത്തും. കലംകനിപ്പ് നിവേദ്യം തയ്യാറാക്കാന്‍ ചെമ്പ്, ഇന്‍ഡാലിയം വട്ട്‌ളങ്ങളാണ് അവരുടെ സമര്‍പ്പണം.എല്ലാ കാഴ്ചകളും ക്ഷേത്രത്തിലെത്തി ഒരു മണിക്കൂറിനകം സമര്‍പ്പണം പൂര്‍ത്തിയാക്കും.
2.30 നാണ് ഉത്സവബലി. തുടര്‍ന്നാണ് പ്രസിദ്ധമായ ആയിരത്തിരി ഉത്സവം നടക്കുക.കെട്ടിച്ചുറ്റിയ നര്‍ത്തകന്മാര്‍ ഭണ്ഡാര വീട്ടില്‍ കലശം കയ്യേല്‍ക്കല്‍ നടത്തി ഭരണി കുഞ്ഞിന്റെ സാന്നിധ്യത്തില്‍ തിരിച്ചെഴുന്നള്ളിയ ശേഷമാണ് മറ്റു ചടങ്ങുകള്‍ ആരംഭിക്കുക.നോറ്റിരുന്ന കുഞ്ഞുങ്ങള്‍ അടക്കം ആയിരത്തി എഴുന്നള്ളത്ത് 11 വട്ടം പ്രദര്‍ശനം വെച്ച് കലശം കയ്യേല്‍ക്കും.

കളം വരയ്ക്കലും കയ്യേല്‍ക്കലും

മൂന്ന് ദിവസങ്ങളിലും പുലര്‍ച്ചെ നടക്കുന്ന അതി വിശിഷ്ടവും അനുഷ്ഠാന നിര്‍ഭരവുമായ ചടങ്ങാണ് കലം കയ്യേല്‍ക്കല്‍. ദുര്‍ഗയും നാരികാസുരനും തമ്മില്‍ നടന്ന ഘോരയുദ്ധമാണ് പ്രമേയം. സര്‍പ്പ രൂപം പൂണ്ട ദേവിയുടെ ദൃഷ്ടിയില്‍ നിന്ന് ഒളിഞ്ഞു നില്‍ക്കുന്ന ദാരികനെ നിഗ്രഹിക്കുന്ന രംഗമാണ് മൂന്ന് ദിവസങ്ങളിലായി കളമെഴുത്തിലൂടെ പുനഃസൃഷ്ടിക്കുന്നത്.
കുങ്കുമം, പച്ചപ്പൊടി, മഞ്ഞള്‍, അരി,കരിപ്പൊടി എന്നിവ നേര്‍മയോടെ പൊടിച്ച പഞ്ചവര്‍ണ്ണ പൊടികള്‍ കൊണ്ടാണ് തിരുമുറ്റത്ത് നാല്‍ക്കളം വരച്ച് കലാഭംഗിയുള്ള രൂപങ്ങള്‍ ക്ഷേത്ര കര്‍മി രവീന്ദ്രന്‍ കളക്കാരനും സഹായികളും ചേര്‍ന്ന് ഒരുക്കുന്നത്. സര്‍വ്വാലങ്കാര വിഭൂഷിതരായി അരങ്ങിലെത്തുന്ന ദേവി ദേവതമാരുടെ പ്രതിപുരുഷന്മാരായ സ്ഥാനികരുടെ സമക്ഷം കളക്കാരന്‍ സ്തുതികള്‍ ചൊല്ലി അവരെ സംപ്രീതരാക്കുന്നതോടെ കളം കയ്യേല്‍ക്കല്‍ ആരംഭിക്കും. ചെണ്ട മേളത്തിന്റെ അകമ്പടിയില്‍ നര്‍ത്തകന്മാര്‍ ‘നാലു ദിക്കൊപ്പിച്ച്’ ചുവട് മായ്ക്കല്‍ നടത്തും. നര്‍ത്തകന്മാര്‍ കളമൊഴിയുന്നതോടെ കളത്തിലെ പൊടി ശേഖരിച്ച് വീട്ടിലെത്തിക്കാനും ഭക്തര്‍ തിരക്ക് കൂട്ടം. ഏറെ വിശേഷപ്പെട്ടതും ഔഷധഗുണമുള്ളതുമായ പ്രസാധമാണിതെന്നും വീടുകളില്‍ നിന്ന് പ്രേതബാധകള്‍ അകറ്റുമെന്നുമാണ് വിശ്വാസം. ഒന്നാം ദിവസം മൂത്ത ഭഗവതിയുടെ പള്ളിയറയ്ക്ക് മുന്‍പില്‍ ഒരു തലയുള്ളതും രണ്ടാം ദിവസം ഇളയ ഭഗവതിയുടെ മുന്‍പില്‍ രണ്ട് തലയുള്ളതും മൂന്നാം ദിവസമായ ആയിരത്തിരി നാളില്‍ മൂത്തഭഗവതിയുടെ മുന്‍പില്‍ മൂന്ന് തലയുള്ളതുമായ സര്‍പ്പരൂപങ്ങളാണ് വരയ്ക്കുക.
സര്‍പ്പക്കാവുകളും നാഗത്തറകളും വടക്കന്‍ മണ്ണില്‍ ഏറെയുണ്ടെങ്കിലും പാലക്കുന്ന് ക്ഷേത്രത്തിലേതു പോലെ കളമെഴുത്തിലൂടെ ഭീമാകാരമായ നാഗരൂപങ്ങളെ സൃഷ്ടിച്ച് അനുഷ്ഠാന വിധികളോടെ കളം കയ്യേല്‍ക്കലും ചുവട് മായ്ക്കലും നടത്തുന്ന ചടങ്ങ് മറ്റെങ്ങും ഇല്ലാത്തതാണ്.
19 ന് രാവിലെ 6.30 ന് കൊടിയിറക്കത്തോടെ ഭരണി ഉത്സവം സമാപിക്കും.

 

error: Content is protected !!