നിയമസഭ തെരഞ്ഞെടുപ്പ് : ജില്ലയില്‍ ആകെ 11,00,036 വോട്ടര്‍മാര്‍; 5,42,861 പുരുഷന്മാര്‍, 5,57,163 സ്ത്രീകള്‍, 12 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍

ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് കാസര്‍കോട് ജില്ല സജ്ജമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്‍പതിന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജില്ലയില്‍ ഇതുവരെ ആകെ 11,00,036 വോട്ടര്‍മാരുണ്ട്. ഇതില്‍ 5,42,861 പുരുഷന്മാരും 5,57,163 സ്ത്രീകളും 12 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. വോട്ടര്‍മാരില്‍ 49.35 ശതമാനം പുരുഷന്മാരും 50.65 ശതമാനം സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 1141 പോളിങ് സ്റ്റേഷനുകളാണുള്ളത്.

2026 മാര്‍ച്ച് 16ന് തെരഞ്ഞെടുപ്പ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. മാര്‍ച്ച് 24ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ ഒന്‍പതിന് പൊതു തിരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് വോട്ടെണ്ണും. മെയ് ആറിന് തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും.

നിയമ സഭാ മണ്ഡലം തല വിവരങ്ങള്‍ പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍

മഞ്ചേശ്വരം 115424 113757 0 229181
കാസര്‍കോട് 105072 104922 0 209994
ഉദുമ 111782 115918 4 227704
കാഞ്ഞങ്ങാട് 108757 114752 6 223515
തൃക്കരിപ്പൂര്‍ 101826 107814 2 209642

ജില്ലാതലത്തില്‍
ആകെ 542861 557163 12 1100036.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ഭയമായി സമ്മതിദാന അവകാശം ത്തന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

നിയമ സഭാ മണ്ഡലം പോളിങ് സ്റ്റേഷനുകള്‍

മഞ്ചേശ്വരം 229
കാസര്‍കോട് 218
ഉദുമ 237
കാഞ്ഞങ്ങാട് 239
തൃക്കരിപ്പൂര്‍ 218
ജില്ലാതലത്തില്‍ 1141

പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ എട്ടിന്

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ (ബുധന്‍) രാവിലെ എട്ട് മുതല്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ ആരംഭിക്കും. 1141 വോട്ടിങ്‌വി.വി. പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 20% കൂടുതല്‍ ബാലറ്റ് കണ്‍ട്രോള്‍ യൂണിറ്റുകളും (228) 30% കൂടുതല്‍ വിവിപാറ്റുകളും (342) റിസര്‍വായി വേണ്ടി വരും. 1426ബാലറ്റ് യൂണിറ്റുകളും 1426കണ്‍ട്രോള്‍ യൂണിറ്റുകളും 1538 വിവിപാറ്റ് യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാണ്.

പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍

മഞ്ചേശ്വരം ഗവ. കോളേജ് കാസര്‍കോട്
കാസര്‍കോട് ഗവ. കോളേജ് കാസര്‍കോട്
ഉദുമ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്
തൃക്കരിപ്പൂര്‍ ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്

 

ക്രിട്ടിക്കല്‍ ബൂത്തുകള്‍ മണ്ഡലം തിരിച്ച്

തൃക്കരിപ്പൂര്‍ 66
കാഞ്ഞങ്ങാട് 45
ഉദുമ 34
കാസര്‍കോട് 57
മഞ്ചേശ്വരം 36

*ജില്ലാതലത്തില്‍ ആകെ 238 ക്രിട്ടിക്കല്‍ ബൂത്തുകള്‍ *

പോളിങ് ഡ്യൂട്ടിക്ക് 5480 ഉദ്യോഗസ്ഥര്‍

കാസര്‍കോട് ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് 5480 ഉദ്യോഗസ്ഥരെയാണ് ആവശ്യമുള്ളത്. 1370 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും 2740 പോളിംഗ് ഓഫീസര്‍മാരെയും ആവശ്യമുണ്ട്. ജില്ലയില്‍ 116 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കാന്‍ 742 വാഹനങ്ങള്‍

ജില്ലയിലെ വിവിധ ബൂളില്‍ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 612 വാഹനങ്ങള്‍ ആവശ്യമാണ്. 263 LMV/ജീപ്പുകള്‍, 176 മിനി ബസ്, ടെംപോ ട്രാവലറുകള്‍, 173 ബസുകള്‍ എന്നിവയാണ്. ഉപയോഗിക്കുന്നത്. 15ആംബും ഒരുക്കിയിട്ടുണ്ട്. സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി 116 വാഹനങ്ങളും ആവശ്യമാണ്.

മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ജില്ലയില്‍ 1141 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കും.

ഏപ്രില്‍ ഒന്‍പതിന് രാവിലെ മോക്‌പോള്‍ ആരംഭിക്കുന്നതു മുതല്‍ പോളിങ്. അവസാനിച്ച് വോട്ടിങ് യന്ത്രങ്ങള്‍ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികള്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം വീക്ഷിക്കും.

അഞ്ച് ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും

ജില്ലയില്‍ അഞ്ച് ബൂത്തുകള്‍ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും കൂടെ ആകെ അഞ്ച് ബൂത്തുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും കൂടി അഞ്ച് മാതൃകാ ബൂത്തുകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്.

ഹോം വോട്ടിങ്

85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 4292 വോട്ടര്‍മാരും 10259 ഭിന്നശേഷി
വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. ഇവര്‍ക്ക് ഹോം വോട്ടിങ് സൗകര്യം ലഭ്യമാകും.

തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

വോട്ടു ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം, താഴെപ്പറയുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം. ആധാര്‍ കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്ററിനു കിഴില്‍ (എന്‍.പി.ആര്‍) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ.) നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാര്‍ക്കു നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, എം.പി, എം.എല്‍.എ, എന്നിവര്‍ക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ഭാരതസര്‍ക്കാര്‍ സാമൂഹികനീതി ശാക്തീകരണമന്ത്രാലയം നല്‍കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളായി ഉപയോഗിക്കാം.

പരസ്യപ്രചാരണം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. ഏപ്രില്‍ ഏഴിന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.

മദ്യനിരോധനം

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഏഴിന് വൈകിട്ട് ആറിന് വൈകിട്ട് ആറു മുതല്‍ ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് ആറു വരെ ഡ്രൈഡേ ആയി പ്രഖ്യാപിക്കും. വോട്ടെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും സമാധാനപരമായി നടത്തുന്നതിനും പൊതുജനങ്ങളും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സ്ഥാനാര്‍ത്ഥികളും എല്ലാ സഹകരണവും നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അഭ്യത്ഥിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലുംകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. രാഷ്ട്രീയ കക്ഷിപ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം.പൊതുസ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.എ മുഹമ്മദ് ഹനീഫ്, പി.രമേശ്, ഹാരിസ് ചൂരി, ബിജു ഉണ്ണിത്താന്‍,അസീസ് കുന്നില്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാതല മീഡിയാ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അച്ചടി, ഇലക്ട്രോണിക്, സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാതല മീഡിയാ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, അസി. എഡിറ്റര്‍ എ.പി ദില്‍ന, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ചിലങ്ക, ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കും. പത്ര, ദൃശ്യ, ശ്രാവ്യ, സമൂഹമാധ്യമങ്ങള്‍ കളക്ടറേറ്റില്‍ ഒരുക്കുന്ന ജില്ലാ മീഡിയാ സെല്ലില്‍ നിരീക്ഷിക്കും. പെയ്ഡ് ന്യൂസ്, വ്യക്തിഹത്യ, പ്രകോപന പരമായ വാര്‍ത്തകള്‍ തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാതല മീഡിയാ സെല്ലിന്റെ ഭാഗമായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയും സോഷ്യല്‍ മീഡിയ സെല്ലും പ്രവര്‍ത്തിക്കും. സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കാതെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളും പെയ്ഡ് ന്യൂസുകളും സ്ഥാനാര്‍ത്ഥികളുടെ ചിലവ് ഇനത്തില്‍ കണക്കാക്കും.

വോട്ടുത്സവത്തിന് തുടക്കമായി; സ്വീപ് ലോഗോ പ്രകാശനം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വോട്ടര്‍മാരിലെത്തിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളുമായി ജില്ലാ ഭരണകൂടം ഒരുങ്ങി കഴിഞ്ഞു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പ്രചാരണ പരിപാടി ”വോട്ടായനം 2026 ‘ ന് ഇന്ന് തുടക്കമായി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ സ്വീപിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വീപ് നോഡല്‍ ഓഫിസര്‍ രതീഷ് പിലിക്കോടിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി.ഹരിദാസ്, കെ.എം കിഷോര്‍ കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി ജിതിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുവജനങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ സമ്മതിദായകരെയും പോളിംഗ്ബൂത്തിലെത്തിക്കുക എന്നലക്ഷ്യത്തോടെയാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച രാവിലെ 10ന് കളക്ടറേറ്റില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ 15 ചിത്രകാരന്മാര്‍ 45 ഓളം ചിത്രങ്ങള്‍ വരച്ച് വോട്ടായനത്തിന് തുടക്കംകുറിക്കും. തുടര്‍ന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കുമായി മെഹന്തി ഫെസ്റ്റും നടക്കും. മെഹന്ദി ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 11ഓടെ കോളേജില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 70255 15717 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

കണ്‍ട്രോള്‍ തുറന്നു
ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു. ഏഴ് ഭാഷകളിലുമുള്ള സേവനം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, എസ്.എം.എസ് നോഡല്‍ ഓഫീസര്‍ വി. ശ്രീകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍ട്രോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 04994 292 650, 04994 292 651, 04994 292 652 എന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാം.

 

error: Content is protected !!