പെരിയ :വള്ളി വാണിയ കുടുംബാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി രാവണേശ്വരം വെള്ളം തട്ടയില്‍ പണിതീര്‍ത്ത വള്ളിവാണിയ തറവാടിന്റെ പ്രതിഷ്ഠ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ‘തമ്പുരാട്ടി’ സോവനീര്‍ പ്രകാശനവും ബ്രഹ്മശ്രീ അരവത്ത് പത്മനാഭ തന്ത്രികള്‍ക്ക് പൂര്‍ണ്ണ കുംഭത്തോട് കൂടിയുള്ള ആചാര്യ വരവേല്‍പ്പും നടന്നു. തമ്പുരാട്ടി സോവനീര്‍ പ്രകാശനം കരിവെള്ളൂര്‍ വലിയച്ഛന്‍ പ്രമോദ് കോമരം നിര്‍വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളതട്ട സോവനീര്‍ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ നവീന്‍ കുമാര്‍ മുദിയക്കാല്‍ അധ്യക്ഷത വഹിച്ചു. സോവനീറിന്റെ എഡിറ്ററും മാധ്യമ പ്രവര്‍ത്തകനുമായ രവീന്ദ്രന്‍ രാവണേശ്വരം ആമുഖഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ എ. തമ്പാന്‍, ചന്ദ്രന്‍ കോട്ടച്ചേരി, അമ്പു ഞെക്ലി, ബാലചന്ദ്രന്‍ ബേപ്പ് എന്നിവര്‍ സംസാരിച്ചു. മുത്തു കുടകളുടെയും താലപ്പൊലിയുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടുകൂടിയുള്ള ആചാര്യ വരവേല്‍പ്പില്‍ നിരവധി തറവാട്ട് അംഗങ്ങളും ഭക്തജനങ്ങളും സംബന്ധിച്ചു. ഏഴുമണിമുതല്‍ വിവിധ പൂജാ വിധികള്‍ നടന്നു.
വിവിധ പൂജകളും അന്നദാനവും നടന്നു. നാളെ രാവിലെ ഗണപതിഹോമം, പീഠ പ്രതിഷ്ഠ,പ്രാസാദ പ്രതിഷ്ഠ എന്നിവ നടന്നു. 10. 08 മുതല്‍ 11. 48 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവിധ ദേവി, ദേവ പ്രതിഷ്ഠാ കര്‍മ്മം നടക്കും തുടര്‍ന്ന് അന്നദാനം. രാത്രി 7 മണിക്ക് തെയ്യം കൂടല്‍. 11 മണിക്ക് പൊട്ടന്‍ തെയ്യം. 16ന് പുലര്‍ച്ചെ കുറത്തിയമ്മയുടെ പുറപ്പാടും തുടര്‍ന്ന് കുണ്ടാര്‍ചാമുണ്ടിയും അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും തുടര്‍ന്ന് ഗുളികന്‍ ദൈവവും അരങ്ങിലെത്തും. വിളക്കിലരിയോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപനമാകും.
