മൊബൈല്‍ ഫോണ്‍ നന്നാക്കി കൊടുക്കാത്ത വിഷമം; 17 കാരി ജീവനൊടുക്കി; കുമ്പള, കളത്തൂരില്‍ എം.ഡി പൂജയാണ് മരിച്ചത്

കാസര്‍കോട്: മൊബൈല്‍ ഫോണിന്റെ തകര്‍ന്ന ഡിസ്‌പ്ലേ ശരിയാക്കി കൊടുക്കാത്ത വിഷമത്തിലാണെന്നു പറയുന്നു വിദ്യാര്‍ത്ഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി. കുമ്പള കിദൂര്‍, കളത്തൂരിലെ ലക്ഷ്മി നിലയത്തില്‍ ദാമോദര ഗിരിജ ദമ്പതികളുടെ മകള്‍ എം.ഡി പൂജ (17)യാണ് മരിച്ചത്. മംഗ്‌ളൂരുവില്‍ പിയുസി വിദ്യാര്‍ത്ഥിനിയായിരു ന്നു. ഏതാനും ദിവസം മുമ്പ് പൂജ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ തകരാറിലായിരുന്നു. ഇത് നന്നാക്കി കൊടുക്കണമെന്ന് വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതിന് കഴിഞ്ഞില്ല. ഫോണ്‍ ശരിയാക്കി നല്‍കിയില്ലെങ്കില്‍ എലിവിഷം കഴിക്കുമെന്ന് പൂജ പലതവണ ഭീഷണി മുഴക്കിയിരുന്നുവത്രെ. ബുധനാഴ്ച വൈകിട്ട് താന്‍ എലിവിഷം കഴിച്ചതായി പൂജ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നേരത്തെ പല തവണ ഭീഷണി മുഴക്കിയിരുന്നതിനാല്‍ പെണ്‍കുട്ടി പറയുന്നത് വിശ്വസിക്കാന്‍ വീട്ടുകാര്‍ കൂട്ടാക്കിയില്ല. എന്നാല്‍ രാത്രി 10 മണിയോടെ പെണ്‍കുട്ടി അവശയായതോടെയാണ് സംഭവം ഗൗരവത്തിലെടുത്തത്. ഉടന്‍ മംഗ്‌ളൂരു, ദേര്‍ളക്കട്ട ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പൂജ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഏക സഹോദരന്‍ മനിത്.

 

error: Content is protected !!