മാവുങ്കാല്‍ : അടോട്ട് കഴകം മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ദേവസ്ഥാന പരിധിയില്‍ വരുന്ന പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് മുന്നോടിയായി കൂവം അളന്നു. മാര്‍ച്ച് 10, 11, 12 തീയ്യതികളിലാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ആചാര സ്ഥാനികരും ക്ഷേത്ര നടത്തിപ്പുകാരും തറവാട്ടുകാരും ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ വെളിച്ചപ്പാടുകളുടെ അനുബന്ധ അനുഷ്ഠാനമായ ആചാര ക്രമങ്ങളോടെയാണ് കൂവം അളക്കല്‍ ചടങ്ങ് നടന്നത്. തിരുമുറ്റത്ത് കൂട്ടിയിട്ട നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് തെയ്യം കെട്ടിന്റെ ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ കുഞ്ഞമ്പു താളിക്കുണ്ടാണ് വാല്ല്യക്കാരുടെ സഹായത്തോടെ കൂവം അളന്നത്. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, കോട്ടപ്പാറ കുഞ്ഞിക്കോരച്ചന്‍ തറവാട്,മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം, മഞ്ഞടുക്കം തുളുര്‍ വനത്ത് ഭഗവതി ക്ഷേത്രം,അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം, ഇളയിടത്ത് കുതിര് പുള്ളിക്കരിങ്കാളിഅമ്മ ദേവസ്ഥാനം കിഴക്കുംകര എന്നിവിടങ്ങളിലേക്ക് 21 ഇടങ്ങഴിയും മറ്റ് ദേവ സ്ഥാനങ്ങളിലേക്ക് 11 ഇടങ്ങഴിയുമാണ് കൂവം അളന്നത്. തെയ്യംകെട്ടിന് മൂന്ന് കൈവീതുകള്‍ക്കായി 21 ഇടങ്ങഴി വീതവും കൂവം കുത്താന്‍ ഏഴ് പറയും പച്ചരിക്കായി ഏഴ് പറയും അളന്നു. തറവാട്ടില്‍ തെയ്യം കെട്ട് നടക്കുമ്പോള്‍ സമീപത്തെ ആരാധനാ ലയങ്ങളിലെ ദേവതാ സങ്കല്‍പ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂവം അളക്കുന്നത്. തുടര്‍ന്ന് തെയ്യംകെട്ടിന്റെ ഭാഗമായുള്ള അടയാളം കൊടുക്കല്‍ ചടങ്ങും ക്ഷേത്ര സന്നിധിയില്‍ നടന്നു. അളന്ന് തിട്ടപ്പെടുത്തി ചാക്കുകളില്‍ നിറച്ച് കൂവം അളന്ന നെല്ല് ഏറെ വൈകാതെ അതത് ദേവസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ പറഞ്ഞു. തെയ്യം കെട്ടിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് 8 ന് നടക്കും.
