കാഞങ്ങാട് : കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും മാസമായ പരിശുദ്ധ മാസത്തില്‍ വൃതത്തിന്റെ നിര്‍വൃതിയില്‍ സഹ ജീവിയെ രക്ഷപ്പെടുത്തി മാതൃക കാണിച്ചിരിക്കുകയാണ് ബ്രദേര്‍സ് കൊളവയലിലെ ധീരരായ യുവരത്നങ്ങള്‍. ഒരാഴ്ചയോളമായി തലയില്‍ വെള്ളകുടം കുടുങ്ങി വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ സാധിക്കാതെ പൊറുതി മുട്ടി രക്ഷ തേടി കൊളവയലിലും മറ്റു സമീപ പ്രദേശത്തും അവശതയോടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നറിഞ്ഞ ഉസ്മാന് ഖലീജ് പട്ടിയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വാട്സ്ആപ്പില്‍ സന്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് തറാവീഹ് നിസ്കാരം കഴിഞ്ഞു വീട്ടിലെത്തിയ കെഎംസിസി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഉസ്മാന് ഖലീജ് തന്റെ വീടിന്റെ പരിസരത്ത് പട്ടിയെ കാണുന്നത്. ഉടനെ വിവരം കൊളവയല്‍ ബ്രദേര്‍സ് ക്ലബ് ഭാരവാഹിയായ റഫീഖിനെ അറിയിക്കുകയും നിമിഷ നേരം കൊണ്ട് തന്നെ രാത്രി പന്ത്രണ്ട് മണിയോടെ സമയമോ സന്ദര്‍ഭമോ നോക്കാതെ ഒരു കൂട്ടം യുവാക്കള്‍ എത്തിച്ചേരുകയും അതി സാഹസികമായി പട്ടിയെ പിടികൂടി കഴുത്തില്‍ കുടുങ്ങിയ കുടം ഊരിഎടുത്തപ്പോള് വലിയ ആശ്വാസത്തിന്റെ അനുഭൂതിയായി. ആ പട്ടിയുടെ ആശ്വാസം റംസാന് മാസത്തിലെ വൃതം നോറ്റ ആ യുവാക്കളുടെ ധന്യ മുഹൂര്‍ത്തമായി. ഏത് പ്രവര്ത്തിക്കാണെങ്കിലും ദൈവം ഉന്നത പ്രതിഫലം നല്‍കുന്നതും പുണ്ണ്യ കര്‍മങ്ങളുടെ പ്രകാശം ജ്വലിക്കുന്നതും ആ കര്‍മങ്ങളുടെ സന്ദര്‍ഭവും അവസരവും വിലയിരിത്തുമ്പോഴാണ്. ഇവിടെ ദൈവത്തിന്റെ ഒരു സൃഷ്ടി സഹാനുഭൂതി തേടി അവശതയില്‍ അലയുന്നതു കാണാതെ പോയ പലരും ഉണ്ടാകും. എന്നാല്‍ ആ ജീവിയുടെ വേദനയും രോദനവും നെഞ്ചില്‍ തട്ടി സ്വന്തം ജീവന് പോലും പണയപ്പെടുത്തി ആ ജീവിയെ രക്ഷപ്പെടാന്‍ സഹായിച്ച കൊളവയലിലെ യുവാക്കള്‍ക്ക് സോഷ്യല്‍ മിഡിയയിലും മറ്റുമായി അഭിനന്ദനത്തിന്റെ പ്രവാഹമാണ് വന്നു കൊണ്ടിരിക്കുന്നത്. പുണ്ണ്യ മാസത്തിന്റെ രാവില്‍ അവര്‍ നടത്തിയ ഉദാത്തമായ ഈ ഉദ്യമം സമൂഹത്തിനു വലിയ മാതൃക നല്‍കിയിരിക്കുകയാണ്. നമ്മുടെ ഇടയില്‍ ജീവിക്കുന്ന മിണ്ടാ പ്രാണികളോടുള്ള നമ്മുടെ സ്നേഹം ഇത്തരം അവസരത്തില്‍ കാണുമ്പോള്‍ തന്നെ മനുഷ്യര്‍ മനുഷ്യരെ കൊന്നൊടുക്കുന്ന ഈ യുദ്ധ വേളയില്‍ എത്രത്തോളം വിനാശകരമായ രാക്ഷസ മനസ്സുള്ള മനുഷ്യന് തന്നെ നമ്മുടെ ലോകത്ത് ഉണ്ട് എന്ന് കാണുമ്പോള്‍ എത്ര ദയനീയമാണ് മാനവ ലോകം എന്ന് ചിന്തിച്ചു പോകുന്നു.
