ബേക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണക്കേസുകളില്‍ മിന്നല്‍ വേഗത്തില്‍ പ്രതികളെ പിടികൂടി ബേക്കല്‍ പോലീസ് . ഉദുമയിലെ ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിലാണ് വലയിലാക്കിയത്. പെരിയയില്‍ നടന്ന വന്‍ കവര്‍ച്ചയിലെ പ്രതികളെയും സാഹസികമായി പിടികൂടി. ഉദുമ കൊങ്കിണി വളപ്പില്‍ ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച പ്രതി ഉദുമ മാര്‍ക്കറ്റ് റോഡ് സ്വദേശി കെ.വി. സജിത്ത് എന്ന (കുളിയന് സജിത്ത് 41) ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 27നും മാര്‍ച്ച് ഒന്നിനും ഇടയിലാണ് ക്ഷേത്രത്തിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരം പ്രതി കവര്‍ന്നത്. ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പെരിയ നാലക്രയിലെ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് ആറേകാല്‍ പവന് സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികളെ പോലീസ് തന്ത്രപരമായി പിടികൂടി. പാലക്കാട് അയിലൂര്‍ കുളക്കല്‍ പറമ്പ് ജലീല്‍ (36),ആലമ്പാടി മുണ്ടോള്‍ ഹൗസ് അബ്ദുള്‍ ലത്തീഫ് (40) എന്നിവരാണ് പിടിയിലായത്. സബ് ഇന്‍സ്പെക്ടര്‍ അഖില്‍ സെബാസ്റ്റ്യന്‍, സബ് ഇന്‍സ്പെക്ടര്‍ (പ്രൊബേഷന്‍), യു. റോഷിത്ത്, ജി.എ.എസ്.ഐ പ്രസാദ്, സ്ക്വാഡ് അംഗങ്ങളായ പി.പി.ഷൈജു, മുഹമ്മദ് ആരിഫ് എന്നിവരടങ്ങുന്ന സംഘമാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ കുടുക്കിയത്. കഴിഞ്ഞ ഫെബ്രുവരി ഏഴിന് കവര്‍ച്ച നടന്നത്.
