മടിക്കൈ ബിരിക്കുളം റൂട്ടില്‍ ആനവണ്ടിയെത്തും; ജില്ലാ ആശുപത്രിയില്‍ നിന്ന് മലയോരത്തേക്ക് മടങ്ങേണ്ടവര്‍ക്ക് ആശ്വാസം

കാഞ്ഞങ്ങാട്: ആധുനിക രീതിയില്‍ നവീകരിച്ച ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം പാതയില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നു. കാഞ്ഞങ്ങാട് നിന്ന് മടിക്കൈ വഴി പരപ്പയിലേക്കും, അവിടെ നിന്ന് നെല്ലിയടുക്കം, നീലേശ്വരം വഴി കാഞ്ഞങ്ങാടേക്കുമാണ് ബസ് ഓടുക. കാഞ്ഞങ്ങാട് നിന്ന് രാവിലെ 11:45ന് വിടുന്ന ബസ് ജില്ലാ ആശുപത്രി (11:55), അമ്പലത്തുകര (12:05), കാഞ്ഞിരപ്പൊയില്‍ (12:15), എണ്ണപ്പാറ (12:25), അടുക്കം (12:35), പരപ്പ (12:50) സമയങ്ങളിലെത്തും. പരപ്പയില്‍ നിന്ന് ബിരിക്കുളം, നെല്ലിയടുക്കം, കൊല്ലമ്പാറ, ചായ്യോം, നീലേശ്വരം വഴി കാഞ്ഞങ്ങാടേക്ക് 2:30ന് തിരിച്ചെത്തും. ബല്ല വയല്‍ ഭാഗത്ത് റോഡ് അടച്ചതിനാല്‍ തത്കാലം മാവുങ്കാല്‍ കറങ്ങിയാണ് പരപ്പയിലേക്ക് പോകുക. സപ്തംബറിലാണ് ഇതുവഴി ആദ്യത്തെ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് മലയോരത്തേക്ക് മടങ്ങേണ്ട രോഗികള്‍ക്കെല്ലാം കെഎസ്ആര്‍ടിസി സര്‍വീസ് ഉപകാരപ്പെടും. 2024 വരെ ഒരു ബസു പോലും ഈ റൂട്ടില്‍ മലയോരത്തേക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ചുള്ളി, കൊന്നക്കാട് ഭാഗത്തേക്കൊക്കെ സ്വകാര്യ ബസുകളും ഓടുന്നുണ്ട്. കാഞ്ഞിരപ്പൊയിലിനും എടത്തോടിനും ഇടയിലെ യാത്രാക്ലേശത്തിനും ഇതോടെ ആശ്വാസമാകും. യാത്രാചെലവും കുറവാണ്. ഓരോ മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

error: Content is protected !!