അസൈനാര്‍ കൂളിയങ്കാല്‍
കാഞ്ഞങ്ങാട്: കാഴ്ച ശക്തി മങ്ങിയ ഒരാള്‍ ട്രെയിനിലെ ശുചിമുറിയില്‍ പോയി തിരികെ താന്‍ ഇരുന്ന സീറ്റിലേക്ക് വരുന്നതിന് പകരം ദിശ മാറി ട്രെയിനിന്റെ പുറത്തേക്ക് കാലെടുത്തു വെക്കുക, വണ്ടിയില്‍ നിന്നും തെറിച്ചു വീണു കുറെ നേരം ഇരുട്ടില്‍ റെയില്‍ പാളത്തില്‍ കിടക്കുക, തെറിച്ചു പോയ ഫോണ്‍ റിംഗ് ചെയ്യുന്നതിന്റെ ശബ്ദം കേട്ട് അതെടുക്കുന്നതിനിടയില്‍ താന്‍ അത് വരെ കിടന്നിരുന്ന ട്രാക്കില്‍ കൂടി മറ്റൊരു ട്രെയിന്‍ കടന്നു പോവുക, ട്രെയിന്‍ വരുന്ന ശബ്ദം കേട്ടപ്പോള്‍ മരണമുഖത്ത് നിന്ന് ഇഴഞ്ഞു നീങ്ങി ഇരുട്ടില്‍ തപ്പി തടഞ്ഞു കിട്ടിയ പോസ്റ്റില്‍ കെട്ടി പിടിച്ചു നില്‍ക്കുക, അവസാനം റെയില്‍വേ പോലീസ് വന്നു രക്ഷപ്പെടുത്തുക… ഇത് ഏതെങ്കിലും സിനിമയില്‍ ഉള്ള രംഗമല്ല…..
ആറങ്ങാടിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് സംഘാടകനും ഫുട്‌ബോള്‍ താരവുമായിരുന്ന പരേതനായ കൂള്‍ഡ്രിങ് അബ്ദുല്‍ ഖാദര്‍ എന്ന സി ഡി ഖാദറിന്റെ മകന്‍ സിഡി അഷ്‌റഫിന് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വെച്ചുണ്ടായ നടുക്കുന്ന അനുഭവമാണിത്.
പ്രവാസിയായിരുന്ന അഷ്‌റഫ് തന്റെ രണ്ട് കണ്ണിന്റെയും കാഴ്ച ശക്തി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ചികിത്സക്ക് വേണ്ടിയാണ് ബന്ധുവായ സലീമിന്റെ കൂടെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തുന്നത്. ചികിത്സയുടെ ഭാഗമായി രണ്ട് കണ്ണുകളിലും മരുന്ന് ഉപയോഗിച്ചതിനാല്‍ കാഴ്ച വളരെ മങ്ങിയ നിലയിലായിരുന്നു. ഡോക്ടറെ കണ്ട് തിരികെ നാട്ടിലേക്ക് വരാന്‍ ട്രെയിനില്‍ കയറിയതായിരുന്നു അഷ്‌റഫ്.
വണ്ടി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതേയുള്ളു. ഇടക്ക് അഷ്‌റഫ് ശുചിമുറിയിലേക്ക് പോയി. തിരികെ തനിക്ക് ഇരിക്കേണ്ട സീറ്റിലേക്ക് നടക്കുന്നതിന്ന് പകരം ദിശ മാറി നടന്നു നീങ്ങി കാലെടുത്തു വെച്ചത് വണ്ടിയുടെ പുറത്തേക്കുള്ള വാതിലിലായിരുന്നു.
സാമാന്യം മോശമല്ലാത്ത സ്പീഡില്‍ ഓടികൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക് തെറിച്ചു വീണ അഷ്‌റഫ് ചെന്ന് പതിച്ചത് അടുത്തുള്ള റെയില്‍വേ ട്രാക്കിലാണ്. രാത്രി ആയതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ കുറെ സമയം അവിടെ ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പ്പാലത്തില്‍ കിടന്നു. ഇതിനിടയില്‍ ടോയ്‌ലറ്റില്‍ പോയി കുറെ സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ കൂടെയുള്ള സലീം ടോയ്‌ലറ്റില്‍ പോയി നോക്കിയെങ്കിലും അഷ്‌റഫിനെ കണ്ടില്ല.
പരിഭ്രാന്തനായ സലീം അഷ്‌റഫിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു നോക്കി. റെയില്‍വേ ട്രാക്കില്‍ വീണു കിടന്നിരുന്ന അഷ്‌റഫ് സലീമിന്റെ ഫോണ്‍ വിളി ആദ്യമൊന്നും ശ്രദ്ധിച്ചില്ല. റെയില്‍ പാളത്തില്‍ തെറിച്ചു വീണതിന്റെ ആഘാതത്തിലായിരുന്നു അഷ്‌റഫ്. സലീം തുടരെ തുടരെ വിളിച്ചു കൊണ്ടിരുന്നപ്പോള്‍ തെറിച്ചു വീണ തന്റെ മൊബൈലില്‍ റിംഗ് ടോണ്‍ കേള്‍ക്കുകയും മങ്ങിയ നിലയില്‍ ഫോണിന്റെ വെളിച്ചം കണ്ണില്‍ പതിയുകയും ചെയ്തു.
എങ്ങനെയൊക്കെയോ റെയില്‍ പാളത്തില്‍ നിന്നും ഇഴഞ്ഞു നീങ്ങി ആ മൊബൈല്‍ എടുക്കുന്നതിനിടയിലാണ് താന്‍ കിടന്നിരുന്ന ട്രാക്കില്‍ കൂടി മറ്റൊരു ട്രെയിന്‍ വരുന്ന ശബ്ദം കേട്ടത്.
ഒരു നിമിഷം പകച്ചു നിന്ന അഷ്‌റഫ് മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് ഇഴഞ്ഞു നീങ്ങി തൊട്ടടുത്തുണ്ടായിരുന്ന ഇരുമ്പ് തൂണില്‍ കെട്ടി പിടിച്ചു നിന്നു. പോസ്റ്റ് ഉണ്ടായത് കൊണ്ട് അത് ട്രാക്ക് ആയിരിക്കില്ലെന്നും ആ വഴിയില്‍ ട്രെയിന്‍ വരാന്‍ സാധ്യത ഇല്ലെന്നുമുള്ള ഉറപ്പില്‍ ആ പോസ്റ്റില്‍ നിന്നും പിടിവിടാതെ തന്നെ നിന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കൊടുങ്കാറ്റ് പോലെ അഷ്‌റഫിനെ അടിമുടി ഉലച്ച് തൊട്ടരികിലൂടെ ട്രിയിന്‍ കടന്നു പോയി.
ട്രെയിന്‍ യാത്രക്കിടെ അഷ്‌റഫിനെ കാണാതായ വിവരം സലീം റെയില്‍വേ അധികൃതരെ അറിയിക്കുകയും കോയമ്പത്തൂര്‍ റെയില്‍വേ പോലീസ് റെയില്‍വേ ട്രാക്കിനടുത്ത് രാത്രി തന്നെ വിശദമായ പരിശോധനക്കിറങ്ങി. അപ്പോഴും കൂരിരുട്ടില്‍ ഇരുമ്പ് തൂണില്‍ പിടിച്ചു നില്‍ക്കുന്ന അശ്‌റഫിനെ കണ്ടെത്തി കോയമ്പത്തൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയുമായി ന്നു. റെയില്‍വേ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സലീം പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി തിരികെ കോയമ്പത്തൂര്‍ സ്റ്റേഷനില്‍ വന്നു അഷ്‌റഫിനേയും കൂട്ടി നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
സലീമിന്റെ ആ സമയത്തുള്ള ഫോണ്‍ വിളിയായിരുന്നു മരണത്തിന്റെ ട്രാക്കില്‍ നിന്നും എഴുനേല്‍ക്കാന്‍ അശ്‌റഫിനെ പ്രേരിപ്പിച്ചത്. ആ സംഭവം വിവരിക്കുമ്പോള്‍ അഷ്‌റഫിന്റെ മുഖത്ത് നിന്നും ഇപ്പോഴും നടുക്കം മാറിയിട്ടില്ല.
ആ ഫോണ്‍ കോള്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല എന്ന് പറയുമ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അശ്‌റഫിന്റെ മനസ്സ് നിറയെ. ഒപ്പം റെയില്‍വേ ട്രാക്കില്‍ ഒടുങ്ങേണ്ട ജീവന്‍ തിരിച്ചു നല്‍കിയ ദൈവത്തിനോടുള്ള നന്ദിയും!
