കൊല്ലം:ശബരിമല കട്ടിളപ്പാളി കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രിസഡന്റ് എ.പദ്മകുമാറിന് സ്വാഭാവിക ജാമ്യം. കേസില്‍ 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. അതേസമയം ദ്വാരപാലക കേസില്‍ പത്മകുമാര്‍ റിമാന്‍ഡിലായതിനാല്‍ അദ്ദേഹത്തിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല.
കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2025 നവംബര്‍ 20 ാം തിയതിയാണ് സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസില്‍ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാന്‍ഡില്‍ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും എന്‍. വാസുവും അടക്കമുള്ളവര്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു. 41 ാം ദിനം തന്ത്രിക്കും കോടതി ജാമ്യം നല്‍കി. തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരേ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിനായില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതിയുടെ ജാമ്യവിധിയില്‍ പരാമര്‍ശം നടത്തിയിരുന്നു.
സ്വര്‍ണപ്പാളികളടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമതലയില്‍ വരുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
