മഞ്ഞടുക്കം തുളൂര്‍വനം ഭഗവതി ക്ഷേത്ര കളിയാട്ടം: പൂക്കാര്‍ സംഘം യാത്ര തിരിച്ചു

കാഞ്ഞങ്ങാട്: കിഴക്ക് കൂലോം എന്നറിയപ്പെടുന്ന പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനം ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കിഴക്കുംകര എളയടത്ത് കുതിര് പുള്ളിക്കരിക്കാളിയമ്മ ദേവസ്ഥാനം പൂക്കാര്‍ സംഘം യാത്ര തിരിച്ചു.
ഐതിഹ്യവും വിശ്വാസവും പാരമ്പര്യത്തിന്റെ പുരാവൃത്തം കൊണ്ട് സമ്പന്നമായ ഒരു ദേശത്തിന്റെ ഉത്സവ ചടങ്ങിലേക്ക്
പച്ചയോല കൊണ്ട് മൊടഞ്ഞ കൊട്ടയില്‍ നിറയെ ചെക്കി പൂ നിറച്ച് പ്രത്യേകം നിയോഗിക്കപ്പെട്ട വാല്യക്കാരന്‍ തലയിലേന്തി ആചാര സ്ഥാനീകരും കൂട്ടായിക്കാരും വാല്യക്കാരുമടങ്ങുന്ന സംഘം ഇന്നലെ വൈകുന്നേരം ദീപാരാധനയ്ക്കു ശേഷംയാത്ര തിരിച്ചു.
60കിലോമീറ്ററോളം ദൂരം
പരമ്പരാഗത ഉള്‍ പാതയിലൂടെ കാല്‍നടയായി സഞ്ചരിക്കുന്ന സംഘം ആചാരപരമായ ഉപചാരം ഏറ്റുവാങ്ങും.
രാത്രി കള്ളാര്‍ വയനാട്ട്കുലവന്‍ ദേവസ്ഥാനത്ത് തങ്ങിയ സംഘം
ഇന്ന് ഉച്ചയ്ക്ക് പാണത്തൂര്‍ കാട്ടൂര്‍ തറവാട്ടിലെത്തും. അവിടെവിളക്കും തളികയുമായി എതിരേല്‍ക്കും. മുന്നായീശ്വരന്റെ ചൈതന്യം പൂകൊട്ടയില്‍ കുടികൊള്ളുന്നതിനാലാണ്പൂകൊട്ടയെ ഇത്തരത്തില്‍ എതിരേല്‍ക്കുന്നത്.
സന്ധ്യയോടു കൂടി സംഘം മഞ്ഞടുക്കം കോവിലകം തുളൂര്‍ വനം ഭഗവതി ക്ഷേത്രത്തില്‍ എത്തും.
ആറാം കളിയാട്ട നാളില്‍ നടക്കുന്ന കലശത്തിന് അലങ്കരിക്കാനും മറ്റു ആചാരപരമായ ചടങ്ങുകള്‍ക്കും കൊണ്ടുപോയ പൂക്കള്‍ ഉപയോഗിക്കുക്കും. സുനില്‍ നെല്ലിക്കാടാണ് പൂകൊട്ട തലയിലേന്തി നടക്കുന്നത്. ഉത്സവസമാപനത്തിനു ശേഷം
ഫെബ്രുവരി 24 ന് സംഘം കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത്തിരിച്ചെത്തും.

 

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് നിന്ന് പൂക്കാര്‍ സംഘം പുറപ്പെട്ടു.

കാഞ്ഞങ്ങാട്: കിഴക്കൂലോം എന്നറിയപ്പെടുന്ന പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളുര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തില്‍ കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള ചെക്കിപ്പൂക്കളുമായി അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്തുനിന്ന് പൂക്കാര്‍ സംഘം മടിയന്‍ ക്ഷേത്രപാലകനെ വണങ്ങി പാണത്തൂര്‍മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര ആചാര സ്ഥാനികരും കൂട്ടായിക്കാരും മറ്റുള്ളവരും കിഴക്കൂലോത്തു നിന്ന് നല്‍കിയ അരിയും ഭക്തജനങ്ങള്‍ അടോട്ട് പ്രദേശത്തുനിന്ന് നേര്‍ച്ചയായി കൊണ്ടുവന്ന അരിയും പ്രത്യേകംകൊണ്ട് തയ്യാറാക്കിയ കഞ്ഞിയും ചക്കയും പയറും ചേര്‍ത്ത കറിയും അടങ്ങിയ പൂക്കാര്‍ കഞ്ഞി കുടിച്ച ശേഷമാണ് സംഘം പുറപ്പെട്ടത്. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്കും പൂക്കാര്‍ കഞ്ഞിയും കറിയും വിതരണം ചെയ്തു. നിരവധി ഭക്ത ജനങ്ങളാണ് പൂക്കാര്‍ കഞ്ഞിക്കായും സംഘം യാത്ര പുറപ്പെടുന്നത് ദര്‍ശിക്കാനായും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായി യാത്ര തുടരുന്ന സംഘം വിവിധ തറവാടുകളിലും ദേവസ്ഥാനങ്ങളിലും തങ്ങിയ ശേഷം വ്യാഴാഴ്ച വൈകിട്ട് പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും. കിഴക്കൂലോത്ത് എത്തിയതിനു ശേഷം കലശം അലങ്കരിക്കുന്നതിന് ആവശ്യമായ കവുങ്ങിന്‍ പൂക്കുലകള്‍ ശേഖരിക്കാന്‍ സംഘം പുറപ്പെടും. ആറാം കളിയാട്ട ദിവസം രാത്രിയാണ് കലശം എഴുന്നള്ളിക്കുന്നത്..

 

error: Content is protected !!