കുടിവെള്ള കണക്ഷന് അപേക്ഷിച്ചു: നഷ്ടമായത് കാല്‍ ലക്ഷത്തിലേറെ രൂപ: ഒടുവില്‍ വെള്ളവുമില്ല

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് കാവു ഹാജി റോഡിലെ ഒരു വീട്ടില്‍ ജല അതോറിറ്റി കണക്ഷനെടുത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് കരുതിയാണ് 2025 ജനുവരി മാസം നാലാം തീയ്യതി അക്ഷയ മുഖാന്തിരം കേരള ജല അതോറിറ്റിയുടെ സൈറ്റിലൂടെ കുടിവെള്ള കണക്ഷന് അപേക്ഷ നല്‍കിയത്. ജല അതോറിറ്റിയുടെ ചെറുവത്തൂര്‍ സെക്ഷനില്‍ നിന്ന് ഉദ്യോഗസ്ഥനെത്തി സ്ഥലം പരിശോധിച്ച് 2025 ഫിബ്രുവരി 3 ന് കുടിവെള്ള കണക്ഷന്‍ നല്‍കുകയും ചെയ്തു. പ്രതീക്ഷയോടെ അന്നു മുതല്‍ കുടിവെള്ളത്തിനായി കാത്തിരുന്നെങ്കിലും ഒരു തുള്ളി വെള്ളം പോലും അവര്‍ക്ക് ലഭിച്ചില്ല. നിരവധി തവണ ഓഫീസിലേക്കും നേരിട്ടും പരാതി നല്‍കിയിട്ടും തിരിഞ്ഞു നോക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. രണ്ടു മാസത്തിലൊരിക്കല്‍ ഉപയോഗിക്കാത്ത വെള്ളത്തിന് കൃത്യമായി ബില്ല് വന്നുകൊണ്ടിരുന്നു. ഏറ്റവും ഒടുവിലായി 1390 രൂപ കുടിവെള്ള കുടിശികയുണ്ടെന്ന് കാണിച്ച് 2005 ഡിസംബര്‍ 30 ന് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി കണകഷന്‍ വിച്ഛേദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് പുതിയേടത്ത് കേരള ജല അതോറിറ്റിക്ക് സമര്‍പ്പിച്ച വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ ഇക്കാര്യമെല്ലാം സമ്മതിക്കുന്നുണ്ട്. ഏതാണ്ട് കാല്‍ലക്ഷത്തോളം രൂപ ചെലവഴിച്ച് ഒരു കുടുംബത്തിന്റെ കുടിവെള്ളം ലഭിക്കാനുള്ള അവകാശം ഇല്ലാതാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. തൊട്ടടുത്ത വീടുകളിലെ കണക്ഷനുകളില്‍ കുടിവെള്ളം ലഭ്യമല്ലെന്നിരിക്കെ ഏറെ ദൂരമുള്ള രണ്ട് കണക്ഷനുകളാണ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥന്‍ രേഖകളില്‍ തെറ്റായി ചേര്‍ത്തത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.

 

error: Content is protected !!