രണ്ടു പതിറ്റാണ്ടിന്റെ മൗനം: ഡോ. ധന്യ കീപ്പേരി വീണ്ടും കഥ പറഞ്ഞു തുടങ്ങുന്നു

കാഞ്ഞങ്ങാട്: ക്യാമ്പസ് കലോത്സവങ്ങളുടെ ആവേശത്തിലേക്ക് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഉണരുമ്പോള്‍ കണ്ണൂര്‍ ‘യൂണിവേഴ്‌സിറ്റിയുടെ ആദ്യ കലാതിലകവും,ഒരുകാലത്ത് കഥാപ്രസംഗ വേദികളെ പിടിച്ചു കുലുക്കിയ കലാകാരിയുമായ ഡോ. ധന്യ കീപ്പേരി ധന്യമായ തീരുമാനവുമായി കലയിലേക്ക് തിരിച്ചെത്തുന്നു.
കോളേജില്‍ നടക്കുന്ന കലാമാമാങ്കം ധന്യയുടെ മനസ്സിനെ ഒരുപാട് സ്വാധീനിച്ചിരിക്കുന്നു. രണ്ട് പതിറ്റാണ്ടിന്റെ മൗനം ഭേദിച്ച് തന്റെ പ്രിയപ്പെട്ട കലാരൂപത്തിലേക്ക് മടങ്ങിയെത്തണ മെന്ന തീരുമാനമെടുക്കാന്‍ ധന്യയെ പ്രേരിപ്പിച്ചത് കോളേജില്‍ നടക്കുന്ന കലയുടെ മണി കിലുക്കമാണ് .

ഒരുകാലത്ത് കലോത്സവ വേദികളിലെ വിസ്മയമായിരുന്നു ധന്യ കീപ്പേരി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പ്രഥമ കലാതിലകമെന്ന പട്ടം ചൂടാന്‍ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കഴിഞ്ഞു.
പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വീണ്ടും വേദിയാകുമ്പോള്‍ ധന്യയുടെ മനസ്സില്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍.
അന്ന് മത്സരാര്‍ത്ഥിയായി കലോത്സവ വേദിയില്‍ നിറഞ്ഞുനിന്ന ആള്‍ ഇപ്പോള്‍ സംഘാടക എന്ന രീതിയിലാണ് കോളേജ് ക്യാമ്പസില്‍ നിറഞ്ഞുനില്‍ക്കുന്നത്.നെഹ്‌റു കോളേജിലെ മലയാള വിഭാഗം മേധാവിയാണ് നിലവില്‍ധന്യ.

ഒരു കാലത്ത്ജില്ലയിലേയും, സംസ്ഥാനത്തേയും കഥാപ്രസംഗ കലയിലെ പെണ്‍കരുത്തായി ധന്യഅറിയപ്പെട്ടിരുന്നു. എന്നാല്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ പെട്ടെന്നൊരു നാള്‍ അവര്‍ വേദികളില്‍ നിന്ന് അപ്രത്യക്ഷമായി. ആ വിട്ടുനില്‍ക്കല്‍ കലയെ ഉപേക്ഷിക്കലായിരുന്നില്ല, മറിച്ച് കലയെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള തയ്യാറെടുപ്പായിരുന്നു.
?കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ധന്യ വിനിയോഗിച്ചത് കഥാപ്രസംഗം എന്ന കലാരൂപത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ പഠിക്കാനാണ്. ‘കഥാപ്രസംഗം: ആഖ്യാന പരിസരവും പ്രത്യയശാസ്ത്രവും’ എന്ന വിഷയത്തില്‍ അവര്‍ നേടിയ ഡോക്ടറേറ്റ് വേദികളില്‍ നിന്ന് വിട്ടുനിന്ന കാലത്തെ അറിവുകൊണ്ട് സമ്പന്നമാക്കി എന്നതിന്റെ തെളിവാണ്.കഥാപ്രസംഗത്തില്‍ കേരളത്തില്‍ നിന്ന് ആദ്യമായിഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ധന്യ.

താന്‍ പഠിച്ചെടുത്ത കലയെ ഔദ്യോഗിക തിരക്കിന്റെയും, കുടുംബജീവിതത്തിന്റെയും പേരുപറഞ്ഞ് ഒരിക്കലും തളര്‍ത്തി മാറ്റി വെക്കാന്‍ കഴിയില്ലെന്ന അനുഭവമാണ് നെഹ്‌റു കോളേജില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം യൂണിവേഴ്‌സിറ്റി കലോത്സവം എത്തിയപ്പോള്‍ ധന്യയ്ക്ക് പറയാനുള്ളത്.
ഇരുപത് വര്‍ഷത്തെ മൗനം ഇനി കഥകളായി പുനര്‍ജനിക്കുമെന്ന് പറയുന്ന ധന്യ, പഴയ ശൈലിയല്ല, മറിച്ച് തന്റെ പഠനത്തിലൂടെ രൂപപ്പെടുത്തിയെടുത്ത പുതിയൊരു ആഖ്യാന ശൈലിയാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഥാപ്രസംഗവുമായി കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന യുവപ്രതിഭകള്‍ക്ക് മുന്നില്‍ ഇതൊരു വലിയ പാഠപുസ്തകമായി മാറും.
?
?രണ്ട് പതിറ്റാണ്ടിന് ശേഷം ധന്യ കീപ്പേരി വീണ്ടും മൈക്രോഫോണിന് മുന്നിലെത്തുമ്പോള്‍ അത് വെറുമൊരു പ്രകടനമല്ല; മറിച്ച് നഷ്ടപ്പെട്ടെന്നു കരുതിയ ഒരു ഈണം തിരിച്ചുപിടിക്കല്‍ കൂടിയാണ്.
കഥാപ്രസംഗത്തില്‍ ധന്യയുടെ ഗുരു പിതാവും പ്രശസ്ത കാഥികനുമായ കെ.എന്‍. കീപ്പേരിയാണ്.പിതാവിന്റെ നേതൃത്വ പാഠവവും,ആരോഗ്യ വകുപ്പില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി വിരമിച്ച അമ്മ ദീപാ കീപ്പേരിയുടെയും പ്രയത്‌നങ്ങളാണ് തന്റെ എല്ലാ വിജയത്തിന് പിന്നിലുമുണ്ടായിരുന്നത് എന്ന് ധന്യ പറയുന്നത്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കഥാ പ്രസംഗം അവതരിച്ച് ധന്യ കലോത്സവത്തില്‍ വിജയിയാവുന്നത്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നീലേശ്വരത്ത് വെച്ച് നടന്ന , സംസ്ഥാന ടൂറിസം വാരാഘോഷത്തില്‍ 30 മിനുട്ട് ദൈര്‍ഘ്യമുള്ള കഥാപ്രസംഗം അവതരിപ്പിച്ച് പൊതുവേദിയില്‍ കഥാപ്രസംഗ അരങ്ങേറ്റം കുറിച്ചു. 5ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ യാഗമേഷം എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുരാണ കഥ അവതരിപ്പിച്ചു കൊണ്ട് പ്രൊഫഷണല്‍ കഥാപ്രസംഗരംഗത്തേക്ക് കാലെടുത്തുവെച്ചു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 3 തവണ കഥാപ്രസംഗ വിജയ കിരീടം ചൂടിയ ധന്യ രണ്ട് തവണ യൂനിവേഴ്‌സിറ്റി കലാതിലകവും 8 വര്‍ഷം കാസര്‍ഗോഡ് ജില്ലാ കലാതിലകവുമായിരുന്നു.
കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലുമായി ആയിരത്തില്‍പ്പരം പൊതുവേദികളില്‍ യാഗമേഷം (പുരാണം) ശ്രീ മുത്തപ്പന്‍ (പുരാണം) തീനാമ്പുകള്‍ പുല്‍കിയ സുന്ദരി , സ്വാതന്ത്ര്യത്തിന്റെ മുറിവുകള്‍, കപാല കുണ്ഡല (ബംഗാളി സാഹിത്യം) സ്പാര്‍ട്ടക്കസ് (വിദേശ സാഹിത്യം) സ്വാതി തിരുനാള്‍ (ചരിത്രം ) മിയാ താന്‍സെന്‍ (ചരിത്രം) , മടക്കയാത്ര തുടങ്ങിയ കഥകള്‍ അവതരിപ്പിച്ചു. ശ്രീ മുത്തപ്പന്‍ , മടക്കയാത്ര എന്നീ കഥകള്‍ പഴയ കാലത്ത്ഓഡിയോ കാസറ്റുകളായി വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.
1998 ല്‍ ലോക മലയാളി സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി കഥാപ്രസംഗം, കഥകളി എന്നിവ അവതരിപ്പിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി തന്നെ കാണുന്നു.
ഒരിക്കലും പുരസ്‌കാരങ്ങളുടെ പുറകെ പോകാത്ത ധന്യയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്.
2003 ല്‍ പ്രേംജി അവാര്‍ഡ് ,
2007 ല്‍ ചേര്‍ത്തല ഭവാനിയമ്മ പുരസ്‌ക്കാരം, 2008 ല്‍ ജോസഫ് കൈമാപ്പറമ്പന്‍ അവാര്‍ഡ്, 2010 ലെ സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

വേദികളില്‍ കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചു പോകുന്നത് മാത്രമല്ല ധന്യ ചെയ്തത്.കഥാപ്രസംഗത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് കഥാപ്രസംഗം അരങ്ങിലെ ആളൊരുക്കം, കഥാപ്രസംഗം ആഖ്യാനത്തിന്റെ നാള്‍വഴികള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഥാപ്രസംഗത്തിന്റെ ഒപ്പം തന്നെ നാടോടി നൃത്തം, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം കഥകളി, ഓട്ടംതുള്ളല്‍ ,ചാക്യാര്‍കൂത്ത്, ചെണ്ട തുടങ്ങിവ സ്‌കൂള്‍ കലോത്സവവേദികളില്‍
അവതരിപ്പിച്ച ധന്യയ്ക്ക് തനിക്ക് ഏറെ പ്രശസ്തി നേടിത്തന്ന കഥാപ്രസംഗത്തില്‍ പുതുതലമുറയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹമാണ് മനസ്സിലുള്ളത്.

സോഷ്യല്‍ മീഡിയയുടെ വരവോടുകൂടി മത്സരവേദികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കഥാപ്രസംഗത്തെ ഡിജിറ്റല്‍ ഇടങ്ങളിലേക്ക് പറിച്ചുനട്ടു കൊണ്ട് ഈ കലാരൂപത്തിന് പുത്തന്‍ ജീവന്‍ നല്‍കാന്‍ ഡോ. ധന്യ കീപ്പേരിയുടെ തിരിച്ചുവരവ് പ്രത്യാശ നല്‍കുന്നു. വിരല്‍ത്തുമ്പില്‍ വിനോദങ്ങള്‍ വിരിയുന്ന കാലത്ത്, മണിക്കൂറുകള്‍ നീളുന്ന ആഖ്യാനകലയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ധന്യയുടെ ഗവേഷണ പാടവം. ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലും യൂട്യൂബ് ഷോര്‍ട്‌സുകളിലും ആഖ്യാനകലയുടെ വേഗത മാറിക്കൊണ്ടിരിക്കുമ്പോള്‍, താന്‍ ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ വെച്ച് കഥാപ്രസംഗത്തെ പുതിയ കാലത്തിന്റെ അഭിരുചിക്കനുസരിച്ച് എങ്ങനെ പരിഷ്‌കരിക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. കല കേവലം ഗ്രേസ് മാര്‍ക്കിനുള്ള ഉപാധിയല്ലെന്നും, അത് സമൂഹത്തോട് സംവദിക്കാനുള്ള കരുത്തുറ്റ മാധ്യമമാണെന്നും ധന്യ പറയുന്നു.

 

error: Content is protected !!