കാഞ്ഞങ്ങാട് :മഹാത്മാഗാന്ധി മരിച്ചതല്ല, ഹിന്ദുത്വ രാഷ്ട്ര വാദികള്‍ കൊന്നതാണ്. ഗാന്ധിയെ
കൊലപ്പെടുത്തിയവര്‍ ധരിച്ചത് മതേതര ജനാധിപത്യ ഇന്ത്യ അതോട് കൂടി ഇല്ലാതാവുമെന്നാണ്. പക്ഷേ, ലോകവും ഇന്ത്യയും കൂടുതല്‍ കരുത്തോട് കൂടി ഗാന്ധിയെ ഏറ്റെടുക്കുകയായിരുന്നു. ഗാന്ധിയെ ഇപ്പോഴും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ ഇപ്പോഴും ഗാന്ധി ചിത്രത്തിന് നേരെ നിറയൊഴിക്കുന്നത്. വര്‍ഗീയതക്കെതിരെ നാളെത്തെ ഇന്ത്യയുടെ സമരായുധം ഗാന്ധിയായിരിക്കുമെന്ന് ഇസ്‌കഫ് (ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട് ഷിപ്പ്)ജില്ലാ കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. കണ്‍വെന്‍ഷനും ഗാന്ധി രക്തസാക്ഷി ദിനാചരണവും ഇസ്‌കഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പ്രശാന്ത് രാജന്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ പാലോത്ത് അദ്ധ്യക്ഷനായി. മുന്‍ എം എല്‍ എ എം കുമാരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എം കുമാരന്‍ മുന്‍ എംഎല്‍എ, ടി കൃഷ്ണന്‍ (രക്ഷാധികാരികള്‍), അഹമ്മദ് ഷെരീഫ് കുരിക്കള്‍ (പ്രസിഡന്റ്), കെ രാമചന്ദ്രന്‍, ബാബു ജോസ് പി (വൈസ് പ്രസിഡന്റുമാര്‍), ജലീല്‍ പാലോത്ത് (സെക്രട്ടറി), ഷുക്കൂര്‍ പി എം,അഡ്വ ഗിരീഷ് പാണംതോട് (ജോയിന്റ് സെക്രട്ടറിമാര്‍). ചെന്നൈയില്‍ ഫെബ്രുവരിയില്‍ നടക്കുന്ന ദേശീയ സമ്മേളന പ്രതിനിധികളായി അനിതാ രാജ്, അഡ്വ ഗിരീഷ് പാണംതോട് എന്നിവരെ തെരഞ്ഞെടുത്തു.
