കാസര്‍കോട്: ശത്രുതയുണ്ടായിരുന്ന അയല്‍വാസിയോട് പെരുന്നാള്‍ ദിവസം ‘ഈദ് മുബാറക്ക്’ പറഞ്ഞതിലുണ്ടായ വിരോധത്തില്‍ യുവാവിനെ പള്ളിമുറ്റത്ത് വെച്ച് ആണി തറച്ച പലക കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേല്പിച്ച കുറ്റത്തിന് പ്രതിയെ സംശയാതീതമായി കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചു. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാര മീത്തല്‍ മാങ്ങാട് താമസിക്കുന്ന ടി.എ. റഷീദ് (42) മരണപ്പെട്ട കേസിലാണ് അയല്‍വാസി ഹബീബിനെ (40) കാസര്‍കോട് ജില്ല കോടതി ശിക്ഷിച്ചത്.
2022 ജൂലായ് 10ന് ബലിപെരുന്നാള്‍ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാവിലെ കൂളിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു റഷീദ്. ഇതിനിടെ അയല്‍വാസിയായ ഹബീബിനെ കണ്ടപ്പോള്‍ റഷീദ് ‘ഈദ് മുബാറക്ക്’ ആശംസിച്ചു. എന്നാല്‍, മുന്‍വൈരാഗ്യം മനസ്സില്‍ വെച്ചിരുന്ന ഹബീബ് ‘താന്‍ ആരാണ് എന്നോട് ഈദ് മുബാറക്ക് പറയാന്‍’ എന്ന്ആ ക്രോശിക്കുകയായി രുന്നുവെന്നും. തുടര്‍ന്ന് അവിടെ മദ്രസ നിര്‍മ്മാണത്തിനായി വെച്ചിരുന്ന ആണി തറച്ച മരപ്പലക എടുത്ത് റഷീദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നുമാണ് കേസ്. നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ആദ്യം ഉദുമയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു ഫസ്റ്റ് ന്യൂറോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സ ഫലിക്കാതെ കാസര്‍കോട് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരണം സംഭവിച്ചു.
റഷീദിന്റെ ബന്ധുവായ മുഹമ്മദ് സല്‍മാന്‍ ഫാരിസ് നല്‍കിയ പരാതിയിലാണ് മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്. അന്നത്തെ മേല്‍പ്പറമ്പ് സി.ഐ ആയിരുന്ന ടി. ഉത്തംദാസും പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. വേണുഗോപാലന്‍ കോടതിയില്‍ ഹാജരായി. എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടിക്കായി എ.എസ്.ഐ ഗിരീഷും ഹാജരായി. നിലവില്‍ കുടുംബ കോടതിയിലെ മറ്റൊരു കേസില്‍ ഉള്‍പ്പെട്ട് ഹബീബ് നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജില്ല ജഡ്ജ് സാനു എസ് പണിക്കര്‍ ശിക്ഷ വിധിച്ചത്.
