പടന്നക്കാട് : കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കഴിഞ്ഞ ആറ് ദിവസമായി നടന്നു വരുന്ന ക്വാണ്ടം സയന്‍സ് സെന്റിനറി എക്സിബിഷന് സമാപിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണന് കൈരളി അധ്യക്ഷത വഹിച്ചു.
കേരള കേന്ദ്ര സര്‍വകലാശാല പ്രിന്‍സിപ്പല്‍ ഡോ.വിന്‍സന്റ് മാത്യു, നീലേശ്വരം കാര്‍ഷിക കോളേജ് ഡീന്ന് ഡോ. സജിത റാണി, കോളേജ് മാനേജര്‍ കെ രാമനാഥന്,ഡോക്ടര്‍ കെ സി കെ രാജ , അസി. പ്രൊഫസര്‍ എ. മോഹനന്,
കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറി മിഥുന് പി യു , കൊടക്കാട് നാരായണന്,
പ്രഫ. എം. ഗോപാലന്, ഡോ. കെ.എം. ശ്രീകുമാര്‍, ഡോ. വി.ടി. കാര്‍ത്യായനി,
എ.എം. ബാലകൃഷ്ണന്
എന്നിവര്‍ സംസാരിച്ചു.
ഒരു നൂറ്റാണ്ട് ലോകത്തെയും പ്രപഞ്ച വിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയന്‍സ് വിദ്യാര്‍ത്ഥികളെയും പൊതു ജനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയാണ് ക്വാണ്ടം ശതാബ്ദി വര്‍ഷമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തുടനീളം നടക്കുന്ന ക്വാണ്ടം പൂച്ചയുടെ കേരള പര്യടനം പരിപാടിയില്‍ ആറാമത്തെ പ്രദര്‍ശനമാണ് ഈ മാസം നാലു മുതല്‍ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുമാണ് മുഖ്യ സംഘാടകര്‍.
എറണാകുളം, കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ തന്നെ 30000 പേര് ഈ പ്രദര്‍ശനം കണ്ടു. ജില്ലയില്‍ നൂറ്റി ഇരുപതിലേറെ സ്ഥാപനങ്ങളില്‍ നിന്ന് അഞ്ചു ദിവസം കൊണ്ട് ആറായിരത്തിലധികം പേര് പ്രദര്‍ശനം കണ്ടു.നാലുമാസം കൊണ്ട് ബാക്കി ജില്ലകള്‍ കൂടി സന്ദര്‍ശിക്കുന്ന എക്സിബിഷന് ലോകത്തെ നൂറുല്‍പരം രാജ്യങ്ങളില്‍ നടക്കുന്ന ക്വാണ്ടം ശതാബ്ദി ആഘോഷങ്ങളില്‍ കാല ദൈര്‍ഘ്യവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ പരിപാടിയാണെന്ന് യുനെസ്കോ തന്നെ അംഗീകരിച്ചു കഴിഞ്ഞു.
സൂക്ഷ്മ ലോകത്തെക്കുറിച്ച് ആഴത്തില്‍ അറിയാനും അതുവഴി പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാനും വഴി തുറന്നത് ക്വാണ്ടം സയന്‍സ് ആണ്. ലോകത്തെ പരിഷ്കരിച്ച ട്രാന്‍സിസ്റ്ററും ലേസറും മുതല്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ വരെയുള്ള ധാരാളം സാങ്കേതികവിദ്യകള്‍ക്ക് പിന്നിലും ക്വാണ്ടം സയന്‍സ് ആണ് ഉള്ളത്.
ക്വാണ്ടം സയന്‍സിലെ
വിഖ്യാത ശാസ്ത്രജ്ഞനായ ഷ്രോഡിംഗറുടെ ചിന്താ പരീക്ഷണത്തിലെ പൂച്ചയായിരുന്നു പ്രദര്‍ശനത്തിലെ താരം. കോളേജിലെ ഫിസിക്സ്, കെമിസ്ട്രി യു.ജി. പി.ജി. വിദ്യാര്‍ഥികളില്‍ നിന്ന് തെരെഞ്ഞെടുത്ത നൂറ് കുട്ടികള്‍ സയന്‍സ് കമ്മ്യൂണിക്കേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.
എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ ഇവര്‍ക്ക്
വിദദ്ധ പരിശീലനം നല്കി. പ്രദര്‍ശനത്തോടൊപ്പം
ശാസ്ത്ര പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും ഉണ്ടായിരുന്നു.
പ്രദര്‍ശന നഗരിയില്‍ എത്തുന്ന കുട്ടികളെയും പൊതുജനങ്ങളെയും വിസ്മയിപ്പിച്ചുകൊണ്ട് ദിനേശ് കുമാര്‍ തെക്കുമ്പാടിന്റെ സ്മൈല്‍ ആന്റ് സയന്‍സ് ശ്രദ്ധേയമായി. കോളേജിലെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ബോട്ടണി, കോമേഴ്സ്, മലയാളം, ഹിസ്റ്ററി എന്നീ ഡിപ്പാര്‍ട്ട്മെന്റുകളും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സ്റ്റാളുകള്‍ ഒരുക്കി.
സന്ദര്‍ശകര്‍ പതിനായിരം കടന്നു.
ആറു ദിവസം കൊണ്ട് കുട്ടികളും അധ്യാപകരും പൊതു ജനങ്ങളുമായി പതിനായിരത്തിലധികം പേര് പ്രദര്‍ശനം കണ്ടു. 1115 സ്കൂളുകളില്‍ നിന്നും അഞ്ച് കോളേജുകളില്‍ നിന്നുമായി എട്ടായിരം വിദ്യാര്‍ഥികളും രണ്ടായിരം പൊതുജനങ്ങളും ആറു ദിവസമായി എക്സിബിഷന് കണ്ടു. ഇന്നും ഇന്നലെയുമായി മാത്രം നാലായിരം സന്ദര്‍ശകര്‍ എത്തി
കേരള കേന്ദ്ര സര്‍വകലാശാല, നവോദയ വിദ്യാലയത്തില്‍ നിന്നും കുട്ടികള്‍ എത്തി. രണ്ടു മാസം കൊണ്ട് കേരളത്തിലെ മറ്റുജില്ലകളിലും കണ്ണൂര്‍ ( ജനു: 13-17), വയനാട് ( ജനു: 21-25), മലപ്പുറം (ജനുവരി 29- ഫെബ്രുവരി 4) കട്ടപ്പന (ഫെബ്രുവരി 10-14) തിരുവനന്തപുരം ( ഫെബ്രുവരി 19-24)പ്രദര്‍ശനം നടക്കും.
