ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എസ്ഐടി സംഘമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി എസ്ഐടി ഓഫീസില്‍ വിളിച്ചുവരുത്തിയ തന്ത്രിയെ ഇതിനുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണക്കൊള്ളയിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവര് ആണെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ അടക്കമുള്ളവര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. സ്വര്‍ണപ്പാളികളില്‍ സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാല്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോകാന്‍ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നല്‍കിയതും കണ്ഠരര് രാജീവരായിരുന്നു. എന്നാല്‍, 1998-ല്‍ സ്വര്‍ണം പൊതിഞ്ഞെന്ന വസ്തുത ഈ കുറിപ്പിലുണ്ടായിരുന്നല്ലെന്ന് എസ്ഐടി  ലയിരുത്തിയിരുന്നു. ഈ കുറിപ്പിലാണ് പിന്നീട് മുരാരി ബാബു ചെമ്പുപാളികളെന്ന് മാറ്റിയെഴുതിയത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠരര് രാജീവരില്‍നിന്ന് എസ്ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാല്‍, ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചാണ് കുറിപ്പ് നല്‍കിയതെന്നുമായിരുന്നു രാജീവരുടെ മൊഴി.

ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, മുന്‍
മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍.

അതേസമയം, വെള്ളിയാഴ്ച ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡിയും കേസെടുത്തിട്ടുണ്ട്. എസ്ഐടി അന്വേഷിക്കുന്ന കേസിലെ അതേ പ്രതികള്‍ തന്നെയാണ് ഇഡി കേസിലെ പ്രതിപ്പട്ടികയിലുമുള്ളത്.

error: Content is protected !!