കാഞ്ഞങ്ങാട്: ജനുവരി 14 മുതല്‍ 18 വരെ തൃശൂരില്‍ നടക്കുന്ന 64-ആം കേരള സ്കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പിന്റെ ഘോഷയാത്രക്ക് ഹോസ്ദുര്‍ഗ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നല്കി. ജിവിഎച്ച്എസ്എസ് മൊഗ്രാലില്‍ നിന്നും ആരംഭിച്ച സ്വര്‍ണക്കപ്പിന്റെ പ്രയാണം ചെമ്മനാട് സ്കൂളിലെ സ്വീകരണത്തിനു ശേഷം 10 മണിയോടുകൂടി ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗില്‍ എത്തിച്ചേര്‍ന്നത്.
മടക്കിവെച്ച പുസ്തകത്തിന് മീതെ വളയിട്ട കൈയില്‍ ഉയര്‍ന്നു നില്ക്കുന്ന വലംപിരി ശംഖിന്റെ മാതൃകയിലുള്ള 117.5പവന്റെ സ്വര്‍ണക്കപ്പ് 1986 മുതലാണ് നല്കിത്തുടങ്ങിയത് പുസ്തകം അറിവിനെയും കൈകള്‍ അധ്വാനത്തെയും ശംഖ് നാദത്തെയും ഏഴ് വളകള്‍ സപ്തസ്വരങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. പരീക്ഷാഭവന് ജോയിന്റ് കമ്മീഷണര്‍ ഗിരീഷ് ചോലയില്‍ നയിക്കുന്ന ഘോഷയാത്രയ്ക്ക് നല്കിയ സ്വീകരണ പരിപാടി കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലതാ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് പി. ഗംഗാധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി വി ചന്ദ്രന് മാസ്റ്റര്‍, മുഹമ്മദ് മുറിയ നാവി, എം.വിജയന്, സന്തോഷ് കുശാല്‍ നഗര്‍, സവിതകുമാരി എന്നിവരും ഡയറ്റ് പ്രിന്‍സിപ്പാള്‍ രഘുരാമ ഭട്ട്, എ ഇ ഒകെ സുരേന്ദ്രന് , ഡി ഇ ഒ ഓഫീസിലെ സൂപ്രണ്ട് വി ശ്രീജിത്ത് , ഡി ഡി ഇ ഇന്‍ ചാര്‍ജ് സത്യഭാമ ,എം പി ടി എ പ്രസിഡന്റ് കെ നൗഷീബ, വികസന സമിതി ചെയര്മാന് എം കെ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എ വി സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റര് എം പി രാജേഷ് നന്ദിയും പറഞ്ഞു പി ടി എ , എം പി ടി എ വികസന സമിതി ,സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു സ്കൂളിലെ എസ് പി സി സ്കൗട്ട് ആന്‍ഡ് ലിറ്റില്‍ കൈറ്റ്സ് എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ യൂണിഫോമില്‍ അണിനിരന്ന് സ്വര്‍ണ കപ്പിനെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുകയും അനുഗമിക്കുകയും ചെയ്തു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ചടങ്ങില്‍ സംബന്ധിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്സണ്‍ ലതാ ബാലകൃഷ്ണന് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ച സ്വര്‍ണ്ണ കപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഫോട്ടോയെടുത്തതിനുശേഷമാണ് അടുത്ത ജില്ലയിലെ സ്വീകരണ കേന്ദ്രമായ എവിസ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കരിവെള്ളൂരിലേക്ക് യാത്രയാക്കിയത്. ഡി ഡി ഇ ഇന്‍ ചാര്‍ജ് സത്യഭാമ , സ്കൂള്‍ ഹെഡ്മാസ്റ്റര് എം പി രാജേഷ്, പിടിഎ പ്രസിഡന്റ് പി ഗംഗാധരന് മാസ്റ്റര്‍ എന്നിവര്‍ സ്വര്‍ണ്ണ കപ്പിനെ അടുത്ത സ്വീകരണ കേന്ദ്രം വരെ അനുഗമിച്ചു.
