കാഞ്ഞങ്ങാട്: ഒരു നൂറ്റാണ്ടുകൊണ്ടു ലോകത്തെയും പ്രപഞ്ചവിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയന്‍സ് വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും പരിചയപ്പെടുത്താന്‍ ക്വാണ്ടം ശതാബ്ദിവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്തുട നീളം നടക്കുന്ന
ക്വാണ്ടം സെഞ്ച്വറി സയന്‍സ് എക്സിബിഷന് ജനുവരി 4 മുതല്‍ 9 വരെകാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് സയന്‍സ് ആന്റ് കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ സയന്‍സ് പോര്‍ട്ടല്‍ ലൂക്കയും ചേര്‍ന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ അക്കാദമിക പിന്തുണയോടെയാണ് പ്രദര്‍ശനം ഒരുക്കുന്നത്.
ഇതിനകം എറണാകുളം, കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി 30,000 പേര് ഈ പ്രദര്‍ശനം കണ്ടുകഴിഞ്ഞു നാലു മാസംകൊണ്ടു 11 ജില്ലകള്‍ സന്ദര്‍ശിക്കുന്ന കേരളത്തിന്റെ എക്സിബിഷന് ലോകത്തെ നൂറില്‍പ്പരം രാജ്യങ്ങളില്‍ നടക്കുന്ന ക്വാണ്ടം ശതാബ്ദിയാഘോഷങ്ങളില്‍ കാലദൈര്‍ഘ്യവും ജനപങ്കാളിത്തവുംകൊണ്ട് ബൃഹത്തായ പരിപാടിയാണ്. യുനെസ്കോയുടെ എക്സിബിഷന് കാസര്‍കോട് ജില്ലയില്‍ എത്തുന്നത്. സൂക്ഷ്മലോകത്തെക്കുറിച്ച് ആഴത്തില്‍ അറിയാനും അതുവഴി പ്രപഞ്ചരഹസ്യങ്ങളുടെയും ചുരുള്‍ അഴിക്കാനും വഴിതുറന്നത് ക്വാണ്ടം സയന്‍സാണ്. ലോകത്തെ പരിഷ്ക്കരിച്ച ട്രാന്‍സിസ്റ്ററും ലേസറും മുതല്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ വരെയുള്ള ധാരാളം സാങ്കേതികവിദ്യകള്‍ക്കു പിന്നിലും ക്വാണ്ടം സയന്‍സാണുള്ളത്. ഹൈസ്കൂള്‍ മുതല്‍ പഠിക്കുന്ന പീരിയോഡിക് ടേബിള്‍, ആറ്റംഘടന, ഓര്‍ബിറ്റല്‍ തിയറി, സബ് ആറ്റോമിക് പാര്‍ട്ടിക്കിളുകള്‍, സെമികണ്ടക്ടറുകള്‍ തുടങ്ങിയവയും ഫ്ലൂറസന്‍സ്, സൂപ്പര്‍ ഫ്ലൂയിഡിറ്റി, സൂപ്പര്‍ കണ്ടക്റ്റിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം എക്സിബിറ്റുകളും മോഡലുകളുമായി അറിവുവിതറും. ഹൈസ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം മനസിലാകും വിധം ലളിതമായാണ് എല്ലാം അവതരിപ്പിക്കുന്നത്. കണികാപരീക്ഷണശാലയിലേക്ക് ഒരു വെര്‍ച്വല്‍ റിയാലിറ്റി യാത്ര, ക്വാണ്ടം കമ്പ്യൂട്ടറിനെ പരിചയപ്പെടാം, ക്വാണ്ടം ബയോളജി, ഫോറന്‍സിക് സയന്‍സ്, നാനോ ടെക്നോളജി തുടങ്ങി 28 വിഷയമേഖലകളിലുള്ള എക്സിബിറ്റുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. പീരിയോഡിക് ടേബിളിലെ ഒട്ടുമിക്ക മൂലകങ്ങളെയും സി. വി. രാമന് കണ്ടെത്തിയ ‘രാമന് പ്രഭാവ’വും ഉള്‍പ്പെടെ കാണാത്ത പലതും നേരില്‍ കാണാം. ഹോളോഗ്രാം, സിമുലേഷനുകള്‍, വെര്‍ച്വല്‍ റിയാലിറ്റി, ലേസര്‍, ഫെറിക്കല് പ്രൊജക്ഷന് തുടങ്ങിയ ആധുനികസങ്കേതങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണു പ്രദര്‍ശനം. പരീക്ഷണങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, മാതൃകകള്‍, പാനലുകള്‍, മത്സരങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ടി. കെ. രാധ, ബിബ ചൌധരി തുടങ്ങിയ ഇന്ത്യന്‍ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ആര്‍ട്ടിസ്റ്റ് ശ്രീജ പള്ളത്തിന്റെ ശില്പങ്ങള്, ക്വാണ്ടം സയന്‍സിലെ ഇന്ത്യന്‍ സംഭാവനകള്‍ പരിചയപ്പെടുത്തുന്ന യദുനാഥ് ആര്.ന്റെ പ്രത്യേക പെയിന്റിങ് പരമ്പര, ജസ്റ്റിന് ജോസഫ് ഒരുക്കുന്ന ഐന്‍സ്റ്റൈനും മേരിക്യൂറിയും, തുടങ്ങിയ കലാസൃഷ്ടികളും പ്രദര്‍ശനത്തിന്റെ വിഖ്യാതശാസ്ത്രജ്ഞനായ ഷ്യോഡിംഗറുടെ ചിന്താപരീക്ഷണത്തിലെ പൂച്ചയാണു താരം. എല്ലാം മനോഹരമായ രൂപകല്പനയില്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ പരിശീലനം നല്കിയ സയന്‍സ് കമ്മ്യൂണിക്കേറ്റര്‍മാരും ഉണ്ട്. ശാസ്ത്രപ്രഭാഷണങ്ങളും പ്രദര്‍ശനത്തോടൊപ്പം എല്ലാ ദിവസവും വൈകുന്നേരം പാനല്‍ചര്‍ച്ചകളും ഉണ്ടായിരിക്കും. 120 ലേറെ സ്ഥാപനങ്ങളില്‍ നിന്ന് ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ എക്സിബിഷന് കാണുന്നതിനുള്ള സ്കൂള്‍ കോളേജ് രജിസ്ട്രേഷന് അവസാനിപ്പിച്ചു. ജില്ലയില്‍ 120 ലേറെ സ്ഥാപനങ്ങളില്‍ നിന്നായി 5800 വിദ്യാര്‍ത്ഥികള്‍ ഇതിനകം എക്സിബിഷന് കാണുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ സ്കൂളില്‍നിന്നും നൂറുവരെ വിദ്യാര്‍ത്ഥികള്‍ക്കു സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രൊഫ കെ.പാപ്പൂട്ടി നിര്‍വ്വഹിക്കും.ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷനാവും. നിര്‍വ്വഹിക്കും, എം രാജഗോപാലന്‍ എം.എല്‍എ.മുഖ്യാത്ഥിയായിരിക്കും. ജനറല്‍ കണ്‍വീനര്‍ ഡോ. റീജ ടി.വി. സ്വാഗതവും പി.പി. രാജന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത ജില്ലാ സെക്രട്ടറി നന്ദിയും പറയും. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി . രമേശന്,കൊച്ചി സര്‍വ്വകലാശാല
ഫിസിക്സ് വിഭാഗം തലവന്‍ ഡോ. ആല്ഡ്രിന് ആന്റണി,നെഹ്റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ദിനേശ്, നീലേശ്വരം നഗരസഭ
ചെയര്മാന് പി.പി. മുഹമ്മദ് റാഫി, വി വി മണി തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ചെയര്മാന് ഇ. ചന്ദ്രശേഖരന് എം എല്‍ എ, ജനറല്‍ കണ്‍വീനര്‍ ഡോ.റീജ പി.വി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണന് സെക്രട്ടറി പി.പി. രാജന്, മീഡിയ കമ്മറ്റി കണ്‍വീനര്‍ കൊടക്കാട് നാരായണന് , ചെയര്മാന് ടി കെ. നാരായണന് , പി. കുഞ്ഞിക്കണ്ണന് എന്നിവര്‍ സംബന്ധിച്ചു.
