കാഞങ്ങാട് : കേരള സർക്കാർ നേരിട്ടു നടത്തുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണ്ണ കേരളം ഭാഗ്യക്കൂറിയുടെ ഈ വെള്ളിയാഴ്ച ജനുവരി 2 – ന് നറുക്കെടുക്കുന്ന ടിക്കറ്റിൽ ആലേഖനം ചെയ്തിരിക്കുന്ന പെയന്റീംഗ് ഹിന്ദു സമുദായത്തിന്റെ വിശ്വാസ ആചാര അനുഷ്ഠാനങ്ങളെ അവഹേളിക്കുന്നതും പരിഹസിക്കുന്നതുമാണ്. ആർത്തവ രക്തം നേരിട്ട് പരിപാവനമായ ഭക്തിയോടെ ആരാധിച്ചു പോരുന്ന ശിവലിംഗത്തിൽ അഭിഷേകം നടത്തുന്ന അതിനീചമായ പെയിന്റിംഗ് ആണ് കൊടുത്തിരിക്കുന്നത്. സർക്കാർ ബോധപൂർവ്വം നടത്തുന്ന ഹിന്ദു സമുദായ അവഹേളനം പിൻവലിച്ച് മുഖ്യമന്ത്രി ഹിന്ദു സമുദായത്തോട് മാപ്പ് പറയണമെന്ന് തിയ്യ ക്ഷമ സഭ സംസ്ഥാനകമ്മറ്റി ആവശ്യപ്പെടുന്നു.
ജനുവരി 2 – ഒരു ഹിന്ദുവും മറക്കാത്ത ദിനം, പരിപാവനമായ ശബരീശന്റെ സന്നിധിയിലേക്ക് വർഷങ്ങളായി പാലിക്കുന്ന ആചാര അനുഷ്ഠാനങ്ങളെ തകർത്ത് കൊണ്ട് രണ്ട് യുവതികളെ സർക്കാരിന്റെ ചിലവിലും സംരക്ഷണത്തിലും ചതിവിലൂടെ ശബരീശ സന്നിധിയിൽ എത്തിച്ച ദിവസം തന്നെ നറുക്കെടുക്കുന്ന സുവർണ്ണ കേരളം ഭാഗ്യക്കുറിയിൽ അശ്ലീളീല ചിത്രം അച്ചടിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നിൽ പിണറായി സർക്കാറിന്റെ ഗൂഡാലോചന സുവ്യക്തമാണ്.
ഹിന്ദു സമുദായത്തെ നിരന്തരം അവഹേളിക്കുന്ന അപമാനിക്കുന്ന സർക്കാർ സംവിധാനം ഹിന്ദുക്കളുടെകൂടി നികുതിപ്പണത്തിലാണ് നടത്തിക്കൊണ്ട് പോകുന്നത് എന്ന് സർക്കാർ മറക്കരുത്. ഇന്ന് സർക്കാർ ചിലവിൽ നടക്കുന്ന ഈ അവഹേളനം ഹിന്ദു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല നാളെ മറ്റു മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങളെയും സർക്കാർ വികലമായി ചിത്രീകരിച്ച് വിശ്വാസത്തെ മുറിവേല്പിച്ച് നേട്ടം കൊയ്യാൻ പറ്റുമോന്നാണ് ശ്രമിക്കുന്നത്. നാട്ടിൽ നിലനിന്നു പോകുന്ന മതസൗഹാർദ്ദം തകർക്കുക എന്ന ഗൂഡ ലക്ഷ്യവും ഇതിന് പിന്നിലുണ്ടോ എന്ന സംശയവും നിലനിൽക്കുന്നു. ഈ വിഷയങ്ങളൊക്കെ സ്വതന്ത്രസംവിധാനത്തിന്റെ മേൽനോട്ടത്തിൽ അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് തീയ്യ ക്ഷേമ സഭ ആവശ്യപ്പെടുന്നു.
ഹൈന്ദവ സമുദായത്തിന്റെ ആചാര അനുഷ്ഠാനങ്ങളിലും പ്രവർത്തനങ്ങളിലും കയറിച്ചെന്ന് മലീനസമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനം ഭരണഘടനാ ലംഘനം മാത്രല്ല സമൂഹത്തിൽ നിലനിൽക്കുന്ന സാഹോദര്യം നശിപ്പിച്ച് സർക്കാരിന്റെ പ്രവർത്തന വൈകല്യങ്ങൾ മറച്ചുവയ്ക്കാൻ സാധിക്കുമോ എന്നുള്ള ഗൂഢതന്ത്രം കൂടിയാണ്. സർക്കാർ ഇതേ നിലപാടിൽ മുന്നോട്ട് പോയാൽ തീയ്യ ക്ഷേമ സഭ മറ്റു സമുദായങ്ങളെയും ഒരുമിപ്പിച്ചു കൊണ്ട് സർക്കാറിനെതിരായി ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകും.
ഹൈന്ദവ ആചാര അനുഷ്ഠാന സംരക്ഷണത്തിനായി തീയ്യ ക്ഷേമ സഭ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് രവി കുളങ്ങര, ജനറൽ സെകട്ടറി മയ്യൽ നാരായണൻ, സംസ്ഥാന കൺവീനർ തുരുത്തി രാഘവൻ പണിക്കർ, സംസ്ഥാന ജില്ലാ ഭാരവാഹികളായ അനിൽ ചന്തേര, നാരായണൻ മാസ്റ്റർ, രാജൻ ചീമേനി, കെ.പി.പി. കുഞ്ഞിക്കോരൻ, സി. സി.ചിത്രാകരൻ, സതീശൻ അരമങ്ങാനം തുടങ്ങിയവർ പങ്കെടുത്തു.
