മഞ്ചേശ്വരത്ത് എ.കെ.എം. അഷ്‌റഫ് തുടരും; കാസര്‍കോട് മണ്ഡലത്തില്‍ കല്ലട്ര മാഹിന്‍ ഹാജിക്ക് പ്രഥമ പരിഗണന

കാസര്‍കോട്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികകള്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ ജില്ലകളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകുന്നു. മൂന്ന് തവണ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ഉള്ള മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമാണ് ഇത്തവണ നടപ്പിലാകുന്നത്. ഈ സാഹചര്യത്തില്‍, മൂന്ന് തവണ മത്സരിച്ച് വിജയിച്ച കാസര്‍കോട് മണ്ഡലത്തിലെ നിലവിലെ എംഎല്‍എ എന്‍.എ. നെല്ലിക്കുന്നിന് ഇത്തവണ അവസരം ലഭിക്കില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ പ്രഥമ പരിഗണന നല്‍കുന്നത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍നിര നേതാവുമായ കല്ലട്ര മാഹിന്‍ ഹാജിക്ക് ആണെന്ന് സംസ്ഥാന കമ്മിറ്റി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മുസ്ലിം ലീഗിന്റെ അനിഷേധ്യനായ നേതാവായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകനായ മാഹിന്‍ ഹാജി, ജില്ലയില്‍ മുതിര്‍ന്ന നേതാവെന്ന നിലയിലും സാമുദായിക സംഘടനകളില്‍ വലിയ സ്വാധീനമുള്ള സ്വീകാര്യനായ വ്യക്തിയെന്ന നിലയിലും ശ്രദ്ധേയനാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ ഇത്തവണയും എ.കെ.എം. അഷ്‌റഫ് തന്നെ സ്ഥാനാര്‍ത്ഥിയായി തുടരുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലും കാസര്‍കോടും മുസ്ലിം ലീഗിന് വോട്ട് വിഹിതം വര്‍ധിച്ചിട്ടുണ്ടെന്നതാണ് വിലയിരുത്തല്‍. ബിജെപി രണ്ടാമതെത്തിയെങ്കിലും ഇരു മണ്ഡലങ്ങളിലും വോട്ട് കുറവാണ് രേഖപ്പെടുത്തിയതെന്നും എല്‍ഡിഎഫിനും വോട്ട് ഇടിവുണ്ടായതായും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട് മണ്ഡലത്തില്‍ ഐ.എന്‍.എല്‍ ഇത്തവണ മത്സരരംഗത്തില്ലെന്ന വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്.

കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം ലീഗ് പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തുകഴിഞ്ഞു. മാഹിന്‍ ഹാജിയുടെ നേതൃത്വത്തില്‍ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നതിന് ശേഷമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് വിജയിക്കാനായത്.
ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും നടന്ന പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മാഹിന്‍ ഹാജിയുടെ സാന്നിധ്യം പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ജില്ലയിലെത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാവും മുതിര്‍ന്ന നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി നേരിട്ട് വിലയിരുത്തിയതും ജില്ലയിലെ സംഘടനാ ശക്തിയെ കുറിച്ചാണെന്നാണ് സൂചന.

ചെര്‍ക്കളം അബ്ദുല്ലക്ക് ശേഷം കാസര്‍കോട് ജില്ല കണ്ട ഏറ്റവും ശക്തനായ ജില്ലാ പ്രസിഡന്റായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാഹിന്‍ ഹാജിയെ വിലയിരുത്തുന്നത്. കാസര്‍കോട് ജില്ലയില്‍ ആദ്യ മുസ്ലിം ലീഗ് ഓഫീസ് സ്ഥാപിച്ചതും, കാഞ്ഞങ്ങാട് ആദ്യ ലീഗ് ഓഫീസിന് ഭൂമി നല്‍കിയത് അടക്കം ജില്ലയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും പരേതനായ .കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയായിരുന്നു. ദേളി സൗദിയ സ്ഥാപനം തുടങ്ങുന്നതിനുള്ള ഭൂമിയും കല്ലട്ര കുടുംബം നല്‍കിയിതാണ്.
ഈ പാരമ്പര്യവും സംഘടനാ ശക്തിയും പരിഗണിച്ചാല്‍, കാസര്‍കോട് മണ്ഡലത്തില്‍ കല്ലട്ര മാഹിന്‍ ഹാജി മത്സരിക്കുന്നതിനെതിരെ ജില്ലാതലത്തില്‍ എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം. നിലവില്‍ കാസര്‍കോട് മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലും ലീഗ് സംസ്ഥാന നേതൃത്വം പങ്കുവെക്കുന്നു.

 

error: Content is protected !!