ഗംഗാധരന്‍ നേണിക്കത്തിന് ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്

ചെറുവത്തൂര്‍ന്മ കെ.വി. ഗംഗാധരന്‍ നേണിക്കത്തിന് ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്. നൂറിലേറെ വൈരജാതന്‍ കോലങ്ങള്‍ കെട്ടിയാടിയ കോലധാരിയാണ്. ചിരുകണ്ടന്റെയും അമ്മിണിയുടെയും മകനായി 1958ല്‍ ജനനം. 12-ാം വയസ്സില്‍ ആടി വേടന്‍ കെട്ടി തുടങ്ങി. 1982 ല്‍ ചെറുവത്തൂര്‍ നേണിക്കമായി ആചാരപ്പെട്ട് ഇരുവരും മൂവരും കുന്നിനകത്ത് ലോകറെ സംഘത്തില്‍ കമ്പിക്കാത്ത് മാടത്തില്‍ ആദ്യ വൈരജാതന്‍ ഈശ്വരന്‍ കെട്ടി. ഇവിടെ മാത്രം 11 തവണ വൈരജാതന്‍ ഈശ്വരന്റെ കോലധാരിയാകാന്‍ ഭാഗ്യം ലഭിച്ചു. ക്ഷേത്രത്തിന്റെ പരിധിയിലുള്ള മറ്റു കാവുകളിലായി നൂറിലേറെ വൈരജാതന്‍ തെയ്യങ്ങള്‍ കെട്ടിയാടി.ചാലക്കാട് മാടം, സി.വി. തറവാട് എന്നിവിടങ്ങളിലും ഈശ്വരന്റെ കോലം ധരിച്ചു. 1985 ല്‍ ചെറുവത്തൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തില്‍ മുച്ചിലോട്ട് ഭഗവതി കെട്ടി. കാടങ്കോട്ട് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ 2002ല്‍ പ്രധാന ഭഗവതിയായ പുന്നക്കാല്‍ ഭഗവതിയുടെ കോലം ധരിക്കാനും ഭാഗ്യം ലഭിച്ചു. ഉച്ചൂളിക്കടവത്ത് ഭഗവതി, പുതിയ ഭഗവതി, കമ്മാടത്തമ്മ, പാടാര്‍കുളങ്ങര ഭഗവതി, പുലിദൈവങ്ങള്‍, പുലിയൂര്‍ കാളി, വേട്ടക്കൊരുമകന്‍ തുടങ്ങി വണ്ണാന്‍ വിഭാഗത്തിന്റേതായുള്ള എല്ലാ തെയ്യങ്ങളും കെട്ടിയാടി. നീലേശ്വരം ചതുരക്കിണറിലാണു താമസം.

 

error: Content is protected !!