ദേശീയ പൈതൃക ഇനാഴി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി

കാഞ്ഞങ്ങാട് ആലാമിപള്ളി മുതല്‍ മടിയന്‍ വരെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്‌കാരിക നായകരുടെയും ജന്മ , കര്‍മ്മഭൂമികളിലൂടെയുള്ള രാജപാതയെ പൈതൃക ഇടനാഴിയായി വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.

മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, സ്വാതന്ത്ര്യസമരസേനാനികളായ
വിദ്വാന്‍ പി കേളു നായര്‍, എ.സി. കണ്ണന്‍ നായര്‍, രസികശിരോമണി, കെ. മാധവന്‍, വിദ്വാന്‍ കെ. കെ. നായര്‍, ലോക പ്രശസ്തശില്‍പി കാനായി കുഞ്ഞിരാമന്‍ എന്നിങ്ങനെ ഏഴു പേരുടെ കര്‍മഭൂമിയാണിത്.പ്രകാശ ശബ്ദ വീചികളായി അവര്‍ ഇന്നും ഈ അതിയാമ്പൂര്‍ – വെള്ളിക്കോത്ത് പ്രദേശത്ത് നിറഞ്ഞ് നില്‍ക്കുന്നു. അഞ്ഞൂറോളം വര്‍ഷം പാരമ്പര്യമുള്ള ഇക്കേരിയന്‍ രാജ വംശം നിര്‍മ്മിച്ച ഹോസ്ദുര്‍ഗ് കോട്ട തെക്കെ അറ്റത്ത് അത്രത്തോളം തന്നെ പഴക്കമുള്ള അള്ളോന്റെ അള്ളട സ്വരൂപ ആസ്ഥാനമായ മടിയന്‍ കൂലോം വടക്കെ അറ്റത്ത് ‘ ഇതിനിടയില്‍ ഏഴ് കി.മി. നമ്മുടെ ചരിത്രവും പാരമ്പര്യവും ഈ ഇടനാഴിയില്‍ ഉറങ്ങുന്നു. ഈ ഇടനാഴിയെ യാഥാര്‍ത്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. കഴിഞ്ഞ ഏപ്രില്‍ 21 ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും എന്ന് തന്നെയാണ്.

പദ്ധതി പ്രദേശം സന്ദര്‍ശിച്ച ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു.. മഹാത്മാ ഗാന്ധിയുടെ ആഹ്വാന പ്രകാരം 1926 ല്‍ വെള്ളിക്കോത്ത് വിദ്വാന്‍ പി യുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരസേനാനി എ.സി. കണ്ണന്‍ നായര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച വിജ്ഞാനദായിനി ശതാബ്ദി നിറവിലാണ്. മഹാത്മജി യുടെ നിര്‍ദ്ദേശപ്രകാരം ഛോട്ടാ ലാല്‍ എന്ന വടക്കേ ഇന്ത്യക്കാരന്‍ വെള്ളിക്കോത്ത് വന്ന് താമസിച്ചത് 6 മാസത്തിലേറെയാണ്. ‘വിജ്ഞാനദായനി’ യെ കുറിച്ച് പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും. ഇത്തരം സംഭവങ്ങളെ നമ്മള്‍ ഓര്‍ക്കണ്ടേ …..അടുത്ത തലമുറക്ക് ചരിത്ര ബോധം നല്‍കണ്ടേ ……? ഇതിനാലാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നതെന്ന് എം എല്‍ എ പറഞ്ഞു.
അദ്ദേഹത്തോടൊപ്പംജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സബീഷ്
കൗണ്‍സിലര്‍ വി.വി. രമേശന്‍
ടൂറിസം വകുപ്പ് ഡെ. ഡയരക്ടര്‍ എം.എ, നസീബ് ജില്ലാ വ്യവസായ കേന്ദ്രം ജ. മാനേജര്‍ കെ. സജിത് കുമാര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എ കെ ജിജേഷ് കുമാര്‍ , എന്നിവരുമുണ്ടായിരുന്നു.
പദ്ധതി മുന്നോട്ട് വെച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കെ പ്രസേനന്‍ പദ്ധതി വിശദീകരിച്ച് സംഘത്തെ അനുഗമിച്ചു.
കാരാട്ടു വയലില്‍ കാര്‍ഷിക പുനരുദ്ധാരണത്തോടൊപ്പം ചളിക്കളങ്ങളിലെ കായിക മാമാങ്കം, മേലാങ്കോട്ട് ഷേക്‌സ്പീരിയന്‍ നാടക സങ്കേതമായ വെലോഡ്രാം മാതൃകയില്‍ നാടകശാല / പാര്‍ക്ക്, ചരിത്ര സങ്കേതമായ കാലിടോസ്‌ക്കോപ്പ് എന്നിവയുള്‍പ്പെടുന്ന സാംസ്‌കാരിക സമുച്ചയം.
ചെറുകിട പാരമ്പര്യ കുടില്‍ വ്യവസായങ്ങളുടെ നവീകരണം പങ്കാളിത്ത നിര്‍മ്മാണ വിപണനം മുന്‍ നിര്‍ത്തി. കുശവന്‍ കുന്നില്‍ മണ്‍ പാത്ര / പ്രതിമാ നിര്‍മ്മാണ ശാല. മുച്ചിലോട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ ഉല്‍പ്പാദനം. തെയ്യം അണിയലം അക്കാദമി, കൈത്തറി പുനരുദ്ധാരണം അടോട്ട് എന്നിവയടക്കം പഴവര്‍ഗ്ഗതോട്ടവും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും എന്നിങ്ങനെ ഒട്ടേറെ നവീന ആശയങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലായാല്‍ 1000 ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
വിനോദ സഞ്ചാര വകുപ്പ് ഇത് സംബന്ധിച്ച് വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

error: Content is protected !!