കാസര്‍കോട്: 14 കാരനായ വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര-അനിത ദമ്പതികളുടെ മകന്‍ പ്രജ്വല്‍ (14)ആണ് മരിച്ചത്. ബെള്ളൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ‘ ഇന്നലെ ഉച്ച കഴിഞ്ഞ് 2.30നും നാലരക്കും ഇടയിലാണ് സംഭവം. മാതാവ് അനിത മുള്ളേരിയ സ്‌കൂളില്‍ പഠിക്കുന്ന മകളെ കൂട്ടാന്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ ഹുക്കില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പ്രജ്വല്‍ മാതാവിന്റെ വീട്ടില്‍ പോയിരുന്നു. അവിടെ നിന്നാണ് ഇന്നലെ സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ എത്തിയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്നു കരുതി 11 മണിയോടെയാണ് സ്‌കൂളിലെത്തിയത്. എന്നാല്‍ പരീക്ഷ രാവിലെയായിരുന്നു. സമയം വൈകിയിട്ടും പ്രജ്വലിനെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പോലീസിനോട് പറഞ്ഞത്. എന്തിനാണ് ജീവനൊടുക്കിയതെന്നു അറിയാതെ വിങ്ങുകയായാണ് സഹപാഠികളും കുടുംബവും. സഹോദരി: പ്രയാഗ. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
