പെരിയയിലും മടിക്കൈ കല്യാണത്തും വീണ്ടും പുലി ഭീഷണി; വളര്‍ത്തു നായയെ കടിച്ചു കൊന്നു

പെരിയ : പുല്ലൂര്‍ പെരിയയിലും മടിക്കൈ കല്യാണത്തും വീണ്ടും പുലി ഭീഷണി. മീങ്ങോത്ത് നാര്‍ക്കൊളത്ത് വ്യാഴാഴ്ച രാത്രി എത്തിയ പുലി വളര്‍ത്തു നായയെ കടിച്ചു കൊന്നു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമ്പലത്തറ സ്വദേശിയായ വിജയന്റെ ഉടമസ്ഥതതയില്‍ നാര്‍ക്കൊളം ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് വെള്ളിയാഴ്ച വെളുപ്പിന് നായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്. തോട്ടത്തില്‍ ടാപ്പിംഗ് നടത്തുകയായിരുന്ന വര്‍ഗീസാണ് നായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടത്. ഉടന്‍ അമ്പലത്തറ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ നായയെ പുലി കടിച്ചു കൊന്നതാണെന്നു വ്യക്തമായി. തുടര്‍ന്ന് വനപാലകരും സ്ഥലത്തെത്തി. ചോര ഒഴുകിക്കൊണ്ടിരിക്കുന്ന നിലയിലാണ് നായയുടെ ജഡം കാണപ്പെട്ടതെന്നു ടാപ്പിംഗ് തൊഴിലാളിയായ വര്‍ഗീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പരിസര പ്രദേശത്ത് നായകള്‍ നിര്‍ത്താതെ കുരച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മടിക്കൈ കല്യാണം മുത്തപ്പന്‍ മടപ്പുരക്ക് സമീപം ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെ ഏച്ചിക്കാനം പാലത്തിന് സമീപവും പുലിയെ കണ്ടിരുന്നു. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കിണറ്റില്‍ വീണ നിലയില്‍ പുലിയെ കാണപ്പെട്ട കൊടവലത്തേക്ക് നാര്‍ക്കൊളത്തു നിന്നു ചെറിയ ദൂരമേ ഉള്ളു. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ പെരൂറിലും പുലിയെ കണ്ടിരുന്നു.

 

error: Content is protected !!