റെയില്‍വേ ഭൂമിയില്‍ 16 ടര്‍ഫ് മൈതാനങ്ങള്‍:  14 എണ്ണം കേരളത്തില്‍; സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യം; നീലേശ്വരം, കാസര്‍കോട്, തൃക്കരിപ്പൂര്‍, കുമ്പള എന്നിവിടങ്ങളില്‍ ടര്‍ഫ് നിര്‍മ്മിക്കും

കാഞ്ഞങ്ങാട്: രാജ്യത്ത് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗശൂന്യവുമായി കിടക്കുന്ന ഭൂമി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 16 പുതിയ ടര്‍ഫ് മൈതാനങ്ങള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായാണ് ഈ ടര്‍ഫ് കോര്‍ട്ടുകള്‍ സ്ഥാപിക്കുക. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഒട്ടേറെ സ്ഥലങ്ങള്‍ വെറുതെ കിടക്കുന്ന സാഹചര്യത്തില്‍, അവയെ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ കായിക സൗകര്യങ്ങളാക്കി മാറ്റുക എന്ന ബഹുമുഖ ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് രൂപം നല്‍കിയിരിക്കുന്നത്.

കേരളത്തിന് മുന്‍ഗണന: 14 സ്ഥലങ്ങള്‍

പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന 16 ടര്‍ഫ് മൈതാനങ്ങളില്‍ 14 എണ്ണത്തിനും കേരളമാണ് വേദിയാകുന്നത്. പ്രാദേശിക കായിക വികസനത്തിന് ഈ നീക്കം വലിയ ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രതീക്ഷ. നീലേശ്വരം, കാസര്‍കോട്, തൃക്കരിപ്പൂര്‍, കുമ്പള, കണ്ണൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി, തലശ്ശേരി, കൊയിലാണ്ടി, ഫറോക്ക്, നിലമ്പൂര്‍, അങ്ങാടിപ്പുറം, തിരൂര്‍ എന്നിവയാണ് കേരളത്തില്‍ ടര്‍ഫ് കോര്‍ട്ടുകള്‍ക്കായി കണ്ടെത്തിയിട്ടുള്ള റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലെ സ്ഥലങ്ങള്‍. തമിഴ്നാട്ടിലെ മധുക്കരയിലും കര്‍ണാടകത്തിലെ മംഗളൂരു റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമാണ് ശേഷിക്കുന്ന ഓരോ ടര്‍ഫുകള്‍ നിര്‍മ്മിക്കുക. ഭൂമി വിനിയോഗവും വരുമാന വര്‍ദ്ധനവും റെയില്‍വേയുടെ പാളങ്ങള്‍ക്കും സ്റ്റേഷനുകള്‍ക്കും സമീപത്തായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയില്‍ ടര്‍ഫ് കോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. ഉപയോഗശൂന്യമായ ഭൂമി കായികാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യുക, ടര്‍ഫ് വാടകയ്ക്ക് നല്‍കുന്നതിലൂടെ റെയില്‍വേയ്ക്ക് പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്തുക, പ്രാദേശിക സമൂഹത്തിനും കായിക താരങ്ങള്‍ക്കും മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കുക. എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ് എന്നതിനെക്കുറിച്ചും, ടര്‍ഫുകള്‍ എപ്പോഴാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുക എന്നതിനെക്കുറിച്ചുമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലബാറില്‍ റെയില്‍വേയുടെ കീഴില്‍ നീലേശ്വരത്ത് ഉപയോഗ ശൂന്യമായി 26 ഏക്കറില്‍ കൂടുതല്‍ റെയില്‍വേയുടെ കീഴില്‍ വെറുതെ കിടപ്പുണ്ട്. ഈ സ്ഥലത്ത് പിറ്റ് ലൈന്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാക്കുന്നതിനിടയിലാണ് റെയില്‍വേ ടര്‍ഫ് നിര്‍മ്മിക്കുന്നത്.

 

error: Content is protected !!