പുലിയെ വിദഗ്ധ ചികിത്സക്ക് തൃശൂരിലേക്ക് കൊണ്ടുപോയി

കാഞ്ഞങ്ങാട് : പുല്ലൂര്‍ കൊടവലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ നിന്ന് വനപാലകര്‍ രക്ഷപ്പെടുത്തിയ ഒരു വയസ്സുള്ള പുലിയെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നിന്ന് വിദഗ്ധ ചികിത്സക്ക് തൃശൂരിലേക്ക് കൊണ്ടുപോയി. ഫോറസ്റ്റ് ഓഫീസിന് പിറകിലെ കെട്ടിടത്തിന് സമീപം കൂട്ടില്‍ സംരക്ഷിച്ച പുലിയെ ചൊവ്വാഴ്ച രാത്രി 10.30 ഓടെ പ്രത്യേക വാഹനത്തിലാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ പുലിയെ വിദഗ്ധ ചികിത്സക്കായി മൃഗശാലയോടനുബന്ധിച്ചുള്ള ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് കൊടവലത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലിയെ കണ്ടത്. വനം വകുപ്പ് അധികൃതര്‍ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അന്ന് രാത്രി തന്നെ പുലിയെ കുളത്തില്‍ നിന്നും പുറത്തെടുത്ത് കൂട്ടിലാക്കിയ ശേഷം കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. പരിശോധനയില്‍ പുലിയുടെ കൈവിരലുകളിലെ നഖങ്ങള്‍ അറ്റുപോയതായും ദേഹത്ത് ചില ഭാഗങ്ങളില്‍ പരിക്കുള്ളതായും കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തൃശൂരിലേക്ക് കൊണ്ടുപോയത്.

error: Content is protected !!