കാര്‍ക്കൂന്തല്‍ കെട്ടിലല്ലോ കാരുണ്യം; കാഞ്ഞങ്ങാട് സൗത്ത് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ കേശദാനം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് : അവയവദാനം പോലെതന്നെ മഹത്തരമായ സന്ദേശമാണ് കേശദാനവും നല്‍കുന്നത്. കാന്‍സര്‍ രോഗികള്‍ കീമോതെറാപ്പിക്ക് വിധേയരാകുമ്പോള്‍ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികള്‍ക്ക് വലിയ മനോവിഷമത്തിനും സ്വയം ഒതുങ്ങി കൂടുന്നതിനും കാരണമാകുന്നു. അതുകൊണ്ട് സ്വാഭാവിക മുടി കൊണ്ടുതന്നെ വിഗ്ഗ് തയാറാക്കി സൗജന്യമായി
കാന്‍സര്‍ രോഗികള്‍ക്ക് നല്‍കി അവര്‍ക്ക് ആത്മധൈര്യം പകരുക എന്ന ഉദേശത്തോട് കൂടി
കാഞ്ഞങ്ങാട് സൗത്ത് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ലബ്കളുടെയും നേതൃത്വത്തില്‍ കേശദാനം സംഘടിപ്പിച്ചു.

തല പോയാലും മുടി പോകാന്‍ സമ്മതിക്കാത്തവരാണ് സ്ത്രീകള്‍ എന്ന പേര് ദോഷം മാറ്റിയെടുത്തുവെന്ന് കേശദാനം ചെയ്ത എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറും അധ്യാപികയുമായ ആര്‍ മഞ്ജു പറഞ്ഞു.

തലമുടി പോകുമെങ്കില്‍ എനിക്ക് കീമോതെറാപ്പി ചെയ്യണ്ട എന്ന് ഒരു ക്യാന്‍സര്‍ രോഗി തന്നോട് പറഞ്ഞ വാക്കുകള്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞ് കൊണ്ടാണ് അധ്യാപകനായ സമീര്‍ സിദ്ദീഖി തന്റെ പ്രസംഗം ആരംഭിച്ചത്.

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപികമാരായ ആര്‍ മഞ്ജു, എസ് സനിത, സുബിതാശ്വതി, വിദ്യാര്‍ത്ഥികളായ കൃഷ്ണ നന്ദ പി വി, ദേവനന്ദ വി വി , റംലത്ത് റ്റി, വിസ്മയ എം എസ്, അനാമിക ബാലകൃഷ്ണന്‍, ചിന്മയി ബാബുരാജ് തുടങ്ങിയവരും തലമുടി മുറിച്ചത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി. കൂടാതെ വിവിധ വനിത കൂട്ടായ്മകളില്‍ നിന്നുമായി 25 പേരുടെ തലമുടികളാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വിഗ്ഗ് നിര്‍മ്മിക്കുന്നതിനായി ശേഖരിച്ചത്.

മുടി നല്‍കുന്നവര്‍ ചെയ്യുന്ന നന്മയും ക്യാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന മാനസിക വിഷമവും നാം ഓരോരുത്തരും മനസിലാക്കണമെന്ന് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നീതു തച്ചഞ്ചേരി പറഞ്ഞു.

12 ഇഞ്ച് നീളത്തില്‍ മാത്രമാണ് മുടി നല്‍കാന്‍ സാധിക്കുകയെന്നതായിരുന്നു ചില പെണ്‍കുട്ടികളുടെ പരിഭവം. മുടി അത്ര വളരാത്തതിനാല്‍ ഈ സദ്കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, സാരമില്ല 12 ഇഞ്ച് നീളത്തില്‍ വളരട്ടെ അപ്പോള്‍ കാണിക്കാമെന്ന് വിദ്യാര്‍ത്ഥികളും അധ്യാപികമാരായ ശ്യാമിതയും ആരതിയും.

കാഞ്ഞങ്ങാട് മയൂരി ബൂട്ടിപാര്‍ലര്‍ ഉടമയും ചീഫ് ബ്യൂട്ടീഷ്യനും ഹെയര്‍ സ്റ്റയിലിസ്റ്റുമായ അനിത ബാബുവിന്റെയും അജിത പ്രകാശിന്റെയും നേതൃത്വത്തില്‍ മുറിച്ച തലമുടികള്‍ പായ്ക്ക് ചെയ്ത് തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അസോസിയേറ്റ് ഡയറക്ടറും പാലിയേറ്റീവ് കെയര്‍ ചാര്‍ജുമായ ഫാദര്‍ ജെയ്‌സണ്‍ മുണ്ടവന്‍ മണിക്ക് അയച്ച് കൊടുത്തു.

പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നീതു തച്ചഞ്ചേരി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, കാസര്‍കോട് ടൗണ്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി സമീര്‍ സിദ്ദീഖി , സീനിയര്‍ അസിസ്റ്റന്റ് സി ശാരദ, പി റ്റി എ എക്‌സിക്യൂട്ടിവ് അംഗം പി വി ബാലകൃഷ്ണന്‍, പിങ്ക് പോലീസ് അംഗങ്ങളായ ശ്രീദേവി, പ്രശാന്തി, അധ്യാപകരായ കെ അര്‍ച്ചന, സി എം പ്രജീഷ്, സിന്ധു പി രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!