ബിഹാര്‍ ജനതയെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം : വി.മുരളീധരന്‍

കാസര്‍കോട്: ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും സ്വീകരിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. എന്‍ഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോണ്‍ഗ്രസ് പ്രചാരണം വില കുറഞ്ഞതാണ്. പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോണ്‍ഗ്രസ് ജനങ്ങളെ അപഹസിക്കാന്‍ ഇറങ്ങരുത്. തോല്‍ക്കുമ്പോള്‍ വോട്ടിങ്ങ് മെഷീനെയും വോട്ടര്‍ പട്ടികയെയും കുറ്റം പറയുന്നവര്‍ സ്വയം പരിഹാസ്യരാവും. എന്‍ഡിഎ സര്‍ക്കാരിന്റെ വികസനത്തിനും ജനപക്ഷ നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ബിഹാറിലെ ജനവിധിയെന്നും വി. മുരളീധരന്‍ കാസര്‍കോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നതായുള്ള ഇഡി കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റ് ഭയന്ന് ഒളിച്ചിരിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസ് കണ്ടെത്തണം. സ്‌പോണ്‍സറായി അവതരിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബിനാമി എന്നത് പുറത്തുവരണം. കൊള്ളയില്‍ മുന്‍ മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും റോള്‍ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!