നിതീഷിന്റെ ക്യാപ്റ്റന്‍സിയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളേയും കവച്ചുവെച്ച് മൂന്നില്‍ രണ്ട് ഭൂരിക്ഷത്തോടെ എന്‍ഡിഎക്ക് ബിഹാറില്‍ ചരിത്രവിജയം. ഇരുപതുകൊല്ലത്തെ നിതീഷ് രാജിന് ഫുള്‍സ്റ്റോപ്പ് ഇടാന്‍ കച്ചമുറുക്കി കളത്തിലിറങ്ങിയ മഹാഗഢ്ബന്ധന് അമ്പേ അടിപതറി. ഭരണത്തിലെ പോരായ്മകള്‍ക്ക് പുറമെ എസ്‌ഐആര്‍, വോട്ട് മോഷണം തുടങ്ങിയ ആരോപണമെല്ലാം ഉയര്‍ത്തി മഹാസഖ്യം പ്രചാരണം കൊഴുപ്പിച്ചെങ്കിലും നിതീഷിനും എന്‍ഡിഎയ്ക്കുംമേല്‍ അത് ഒരുപോറല്‍ പോലും ഏല്‍പിച്ചില്ല.
പകരം സ്വന്തം തകര്‍ച്ചയ്ക്ക് സാക്ഷിയാകേണ്ടിയും വന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. അത് മികച്ച ആസൂത്രണത്തിലൂടെ ബിജെപി-ജെഡിയു ക്യാമ്പുകള്‍ നടപ്പാക്കുന്നതാണ് ബിഹാറില്‍ കണ്ടത്. നിതീഷ് കുമാറിനൊപ്പം കാലങ്ങളായി ഉറച്ചുനില്‍ക്കുന്ന ഇബിസി (എക്സ്ട്രീം ബാക്ക്വേഡ് ക്ലാസ്) വോട്ടും സ്ത്രീകളുടെ വോട്ടും ബിജെപിയുടെ വോട്ടുബാങ്കും ചേര്‍ന്ന് വിജയം സുനിശ്ചിതമാക്കി. 20 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിപദത്തിലിരിക്കുന്ന ഒരു നേതാവിനെതിരേ വികാരം ഉയരാമെങ്കിലും അതിനെ ഇലക്ഷന്‍ എന്‍ജിനീയറിങ്ങിലൂടെ ഇല്ലാതാക്കാനും എന്‍ഡിഎയ്ക്കു കഴിഞ്ഞു. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിവരുമെന്ന് എന്‍ഡിഎ ആവര്‍ത്തിച്ചു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ബിഹാര്‍ മുഖ്യമന്ത്രിയാക്കാനാണ് ലാലു പ്രസാദ് യാദവിന്റെ മോഹമെന്നും മകന്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണ് സോണിയാ ഗാന്ധി ആഗ്രഹമെന്നും എന്നാല്‍ ഈ രണ്ട് കസേരകളും ഒഴിവില്ലെന്ന് അമിത് ഷാ വിമര്‍ശിച്ചതും ഓര്‍മിക്കേണ്ടതാണ്. ജംഗിള്‍ രാജ്, കുടുംബാധിപത്യം, അഴിമതി തുടങ്ങി പ്രതിപക്ഷത്തെ മുറിപ്പെടുത്താനുള്ള സകല ശരങ്ങളും മഹാഗഢ്ബന്ധനും അതിന്റെ നേതാക്കള്‍ക്കും നേരെ എന്‍ഡിഎയുടെ
കോട്ടകളില്‍നിന്ന് തൊടുക്കപ്പെട്ടു, അവ ലക്ഷ്യം കാണുകയും ചെയ്തു.
