കാഞ്ഞങ്ങാട് നഗരസഭയിലെ നാല് വാര്‍ഡുകളില്‍ എന്‍.സി.പി.എസ് മത്സരിക്കും

കാഞ്ഞങ്ങാട്: ഇടതുമുന്നണി നേതൃത്വത്തിന്റെ വഞ്ചനയെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയിലെ നാല് വാര്‍ഡുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സര രംഗത്തിറങ്ങാന്‍ എന്‍. സി. പി. എസ് ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ വാര്‍ഡായ പനങ്കാവ് (19), കാഞ്ഞങ്ങാട് സൗത്ത് (39), നിലാങ്കര (17), ആവിക്കര(42) വാര്‍ഡുകളിലാണ് എന്‍. സി. പി. എസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുവിവരം അടുത്ത ദിവസം പുറത്തുവിടും.ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ നിലാങ്കര, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രമ്യ രാജേഷ്, ശീതള്‍, നികേഷ് ആവിക്കര, മുഹമ്മദലി, റംല കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ഇത്തവണ നഗരസഭയില്‍ രണ്ടു സീറ്റുകള്‍ നല്‍കാമെന്ന് സി.പി.എം നേതൃത്വം നേരത്തെ തന്നെ എന്‍.സി.പി.എസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. നിയുക്ത നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനും സീറ്റ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്കെല്ലാം സീറ്റുകള്‍ വാരിക്കോരി നല്‍കുകയും ചെയ്തു. മത്സരിക്കാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിക്ക് നഗരസഭയില്‍ സീറ്റ് നല്കാന്‍ സി പി എം തയ്യാറായി. എന്നാല്‍ ശക്തമായ സംഘടന സംവിധാനമുള്ള പാര്‍ട്ടിയെ പൂര്‍ണ്ണമായും തഴയുന്ന നിഷേധാത്മകമായ സമീപനമാണ് സി. പി. എം സ്വീകരിച്ചത്. മുന്നണി പരിപാടികളെല്ലാം ആളും അര്‍ത്ഥവും നല്‍കി വിജയിപ്പിക്കാന്‍ എന്നും മുന്നിട്ടിറങ്ങുന്ന പാര്‍ട്ടിയോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. മുന്നണി മര്യാദയുടെ പൂര്‍ണ്ണമായ ലംഘനമാണ് സി.പി.എം കാണിച്ചതെന്ന് യോഗംവിലയിരുത്തി.

error: Content is protected !!