കേരള കേന്ദ്ര സര്‍വകലാശാല ഒന്‍പതാമത് ബിരുദദാന സമ്മേളനം: 923 വിദ്യാര്‍ത്ഥികള്‍ ബിരുദം നേടി

പെരിയ: പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കേരള കേന്ദ്ര സര്‍വകലാശാലയുടെ ഒന്‍പതാമത് ബിരുദദാന സമ്മേളനം. പെരിയ ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) ഡയറക്ടര്‍ ജനറലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (ഡിഎസ്‌ഐആര്‍) സെക്രട്ടറിയുമായ ഡോ. എന്‍. കലൈശെല്‍വി മുഖ്യാതിഥിയായി ബിരുദദാന പ്രഭാഷണം നടത്തി. ഒഫീഷ്യേറ്റിംഗ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗുര്‍, ഒഫീഷ്യേറ്റിംഗ് വൈസ് ചാന്‍സലര്‍ പ്രൊഫ. വിന്‍സന്റ് മാത്യു, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ഡീനുമാര്‍, വകുപ്പു മേധാവികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ടായിരത്തോളം പേര്‍ സാക്ഷ്യം വഹിച്ച ചടങ്ങില്‍ 2025ല്‍ പഠനം പൂര്‍ത്തിയാക്കിയ 923 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാനം നടത്തി. 36 പേര്‍ക്ക് ബിരുദവും 771 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 36 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 80 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും ഏറ്റുവാങ്ങി. ഇതില്‍ 750 പേര്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവിധ പഠന വകുപ്പുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു. ഐശ്വര്യ വി (കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ്), നമിത ലക്ഷ്മി പി.വി. (മാനേജ്മെന്റ് സ്റ്റഡീസ്), അശ്വതി ആര്‍.എസ്, മീവല്‍ ജിനറ്റ് (ലിംഗ്വിസ്റ്റിക്സ്), മഞ്ജുശ്രീ ശിവാനി (മാത്തമാറ്റിക്സ്), അഖില എസ് (പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ്) എന്നിവര്‍ ആദരം ഏറ്റുവാങ്ങി. പരമ്പരാഗത വേഷം ധരിച്ചാണ് വിദ്യാര്‍ത്ഥികളും വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചത്. വിവിധ നിറങ്ങളിലുള്ള ഷാളുകളും ചടങ്ങിന് മാറ്റുകൂട്ടി.

സാങ്കേതിക മേഖലയില്‍ സ്വയംപര്യാപ്തത സര്‍വകലാശാലകളുടെ ലക്ഷ്യമാകണം: ഡോ. എന്‍. കലൈശെല്‍വി

പെരിയ: സാങ്കേതിക മേഖലയില്‍ സ്വയംപര്യാപ്തത സര്‍വകലാശാലകളുടെ ലക്ഷ്യമാകണമെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) ഡയറക്ടര്‍ ജനറലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (ഡിഎസ്‌ഐആര്‍) സെക്രട്ടറിയുമായ ഡോ. എന്‍. കലൈശെല്‍വി. കേരള കേന്ദ്ര സര്‍വകലാശാലയുടെ ഒന്‍പതാമത് ബിരുദദാന സമ്മേളനത്തില്‍ ബിരുദദാന പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് നമ്മള്‍. ഇതിന്റെ ആദ്യ പടിയാണ് സ്വയംപര്യാപ്തത. രാജ്യത്തിന്റെ ഭൂരിഭാഗം ആവശ്യങ്ങളും തനത് സാങ്കേതിക വിദ്യകളാല്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

സാങ്കേതിക വിദ്യകള്‍ ധ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളും മുന്നേറണം. സ്റ്റാര്‍ട്ട് അപ്പുകളും ഇന്‍കുബേഷന്‍ സെന്ററുകളും ആരംഭിക്കണം. മുന്‍ കാലങ്ങളില്‍ സാങ്കേതിക വിദ്യകളുടെ നിഷേധം ഉണ്ടായിരുന്നു. എല്ലാ സാങ്കേതിക വിദ്യകളും നമുക്ക് പ്രാപ്യമായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഇത് വികസനത്തിന് തടസ്സമായി. ശാസ്ത്ര സാങ്കേതിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നയം സ്വീകരിച്ചാണ് രാജ്യം ഇത് മറികടന്നത്. ശാസ്ത്രം ഒരു പഠന മേഖല മാത്രമല്ലെന്നും ജീവിതത്തിന്റെ അടിസ്ഥാനമാണെന്നും ഇന്ത്യ തിരിച്ചറിഞ്ഞു.

ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സീഡ് ഫണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിക്കും അവസരമൊരുക്കുന്ന ഏണ്‍ വൈല്‍ യു ലേണ്‍ എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേരള കേന്ദ്ര സര്‍വകലാശാലയെ അവര്‍ അഭിനന്ദിച്ചു. സാമ്പത്തികമായി രക്ഷിതാക്കളെ പൂര്‍ണമായി ആശ്രയിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സാഹചര്യമുണ്ടെന്ന് ഇന്‍സ്പയര്‍ സ്‌കീം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി അവര്‍ വിശദീകരിച്ചു. ജോലി അന്വേഷിക്കുന്നവരില്‍നിന്നും ജോലി നല്‍കുന്നവരായി വിദ്യാര്‍ത്ഥികള്‍ മാറണം. ഇതിന് സര്‍വകലാശാലയുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും ഉണ്ടാകണം. സമൂഹത്തിന് ഗുണപരമായി എന്ത് തിരിച്ചു നല്‍കുന്നുവെന്നതില്‍ വിദ്യാര്‍ത്ഥികള്‍ പ്രാധാന്യം നല്‍കണം. സ്ത്രീ ശാക്തീകരണത്തിന് അനുയോജ്യമായ സാഹചര്യം രാജ്യത്തുണ്ട്. അത് ശക്തമായി മുന്നോട്ടുകൊണ്ടുപോകണം. നൂറ് ശതമാനം സാക്ഷരതയിലും, അതിദാരിദ്ര്യം ഇല്ലാതാക്കിയതിലും കേരളത്തെ അഭിനന്ദിച്ച ഡോ. കലൈശെല്‍വി സപ്തഭാഷാ സംഗമഭൂമിയെന്ന നിലയില്‍ കാസര്‍കോടിന്റെ പ്രത്യേകതകളുംഎടുത്തുപറഞ്ഞു.

error: Content is protected !!