ഇരുചക്ര വാഹനത്തിന് നേരെ കാട്ടുപന്നി, നായകള്‍ കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് : വ്യത്യസ്ത സ്ഥലങ്ങളില്‍ കാട്ടുപന്നിയും തെരുവ് നായകളും കുറകെ ചാടി ഉണ്ടായ അപകടത്തില്‍ മൂന്ന് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റു. വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കുമ്പളന്താനം അമല്‍ സെബാസ്റ്റ്യന്‍, കോളിച്ചാലിലെ ടി വി മെക്കാനിക്ക് ജോബി, കോട്ടപ്പാറയിലെ ഭൂപണ്‍രാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് കോളേജിനടുത്ത് വെച്ച് കാട്ടുപന്നി കുറകേ ചാടി അമല്‍ സെബാസ്റ്റ്യന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടിയില്‍ വരുന്നതിനിടെ വെള്ളരിക്കുണ്ടില്‍ വെച്ചാണ്് കാട്ടു പന്നി കുറുകെ ചാടിയത്. അപകടത്തില്‍ ദേഹമാസകലം പരിക്കേറ്റ അമലിന്റെ വാരി എല്ല് പൊട്ടി ഇപ്പോള്‍ കാഞ്ഞങ്ങട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപന ത്തില്‍ ഡ്രൈവറാണ് അമല്‍.

തെരുവുനായ കുറെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞു കോളിച്ചാലിലെ ടിവി മെക്കാനിക്ക് ജോബിക്ക് പരിക്കേറ്റു. വലത്തെ കാലിന് മൂന്നിടങ്ങളില്‍ ഒടിവുണ്ട്. കൂടാതെ മീറ്ററുകളോളം റോഡില്‍ ഉരഞ്ഞതിനാല്‍ രണ്ട് കൈകള്‍ക്കും സാരമായ പരിക്കുണ്ട്. ഒടയംചാലില്‍ നിന്ന് കോളിച്ചാലിലേക്ക് പോകുന്നതിനിടയാണ് ജോബി സഞ്ചരിച്ച ബൈക്കില്‍ തെരുവുനായ ഇടിച്ച് ബൈക്ക് മറിഞ്ഞത്.
ജോബിയുടെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് കാലില്‍ സ്റ്റീല്‍ ഇട്ടിരിക്കുകയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. മാസങ്ങളോളം ജോലി ചെയ്യാതെ വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ് ജോബി. വെള്ളിയാഴ്ച രാത്രി മാവുങ്കാല്‍ സുബ്രഹ്‌മണ്യസ്വാമി കോവിലിന് സമീപം വെച്ച് തെരുവുനായ
കുറകേ ചാടി സ്‌കൂട്ടി മറിഞ്ഞ് കോട്ടപ്പാറ സ്വദേശി ഭൂപണ്‍ രാജിന് പരിക്കേറ്റു. മുഖത്തും കാലിനും പരിക്കേറ്റ ഭൂപണ്‍ രാജ് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കാഞ്ഞങ്ങാട്ടെ കണ്ണട സ്ഥാപനത്തിലെ ജീവനക്കാരനാണ്.

സംസ്ഥാന പാതയില്‍ പലയിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. പ്രധാനമായും ഇരുചക്ര വാഹന യാത്രക്കാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. തെരുവ് നായകള്‍ നിരന്തരം മനുഷ്യനെ ഉപദ്രവിക്കുകയും, വാഹന യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുകയും ചെയ്യുക പതിവായിട്ടും അധികൃതര്‍ ഇവയെ നിയന്ത്രിക്കാന്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവ്‌നായയെ നിയന്ത്രിക്കാനുള്ള അടിയന്തര നടപടികള്‍ അധികാരികള്‍ സ്വീകരിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

error: Content is protected !!