വോട്ടര്‍ പട്ടിക എസ്.ഐ.ആര്‍. നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബി.എല്‍.ഒമാര്‍ വീടുകളില്‍ വിതരണം ചെയ്യുന്ന എനൂമറേഷന്‍ ഫോറങ്ങള്‍ കാസറഗോഡ് ജില്ലയില്‍ കന്നടയിലും കൂടി നല്‍കണമെന്ന് ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
മലയാളം അറിയാത്ത പതിനായിരക്കണക്കിന് ആളുകള്‍ ജില്ലയിലുള്ള സാഹചര്യത്തില്‍, മലയാളത്തില്‍ മാത്രം നല്‍കിയ ഫോറം അവര്‍ക്ക് പൂരിപ്പിക്കാന്‍ സാധിക്കില്ല. ഇതോടെ വോട്ടര്‍ പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ ഒഴിവാക്കപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
നിയമപ്രകാരം എല്ലാ ഫോറങ്ങളും പ്രാദേശിക ഭാഷയോടൊപ്പം ന്യൂനപക്ഷ ഭാഷയിലും നല്‍കേണ്ടതാണ്. എന്നാല്‍ അത് പാലിക്കപ്പെടാത്തത് ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം ലംഘിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച കാട്ടിയതായി ശ്രീകാന്ത് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയത്തില്‍ ഭാഷാ ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനും കൂടിയായ ജില്ലാ കളക്ടര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ശ്രീകാന്ത് ആരോപിച്ചു.
സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും, ഈ വിഷയത്തില്‍ ജില്ലയിലെ എം.പി., എം.എല്‍.എമാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരും വ്യക്തമായ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.
