കാഞ്ഞങ്ങാട് : കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയുമായി ബന്ധപ്പെട്ട് വാഹനം തട്ടിയെടുത്തു എന്ന പേരില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പേരൂര്‍ക്കട ഹരികുമാറിന്റെ പേരില്‍ വന്ന പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും ആണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണമേനോന്‍ പറഞ്ഞു. ഈ പരിപാടിയുടെ ക്രമീകരണങ്ങള്‍ നടത്തിയത് ബിജെപി നേരിട്ടാണ്. ഇക്കാര്യത്തില്‍ ഘടകകക്ഷികളെ ഒരു കാര്യവും ചുമതലപ്പെടുത്തിയില്ല. കെ സുരേന്ദ്രന്റെ പേരും മുന്നണിയുടെ പേരും വലിച്ചിഴയ്ക്കുന്നതിന്റെ പിന്നില്‍ സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചനയുണ്ട് . അങ്ങനെ പാര്‍ട്ടി വാഹനം വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കരാറോ തെളിവുകളോ കാണിക്കട്ടെ. യുവതിയുമായി പാര്‍ട്ടി പ്രസിഡന്റിന് നേരിട്ട് യാതൊരു പരിചയവുമില്ല. മറ്റാരെങ്കിലും ആയി എന്തെങ്കിലും ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല. ഒരു പൊതു പരിപാടി നടക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ വന്ന് പങ്കെടുക്കാറുണ്ട്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടി പ്രസിഡന്റിന് ഇല്ല. മാധ്യമങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം ലഭിക്കാന്‍ വേണ്ടി പാര്‍ട്ടി അധ്യക്ഷന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചതാണ്. പ്രസിഡന്റിന്റെയും എന്‍ഡിഎ മുന്നണിയുടെയും പേര് വലിച്ചിഴച്ച് അപകീര്‍ത്തി ഉണ്ടാക്കിയതിനെതിരെ പരാതിക്കാരിക്കെതിരെ സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വ്യാജ പരാതിയില്‍ എടുത്ത എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.
