അപകടത്തില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ലോണ്‍ ബാധ്യത ഏറ്റെടുത്ത് പോലീസ് ഹൗസിംഗ് സഹകരണ സംഘം

നീലേശ്വരം: മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടികൂടാന്‍ ഇറങ്ങിയ യാത്രയില്‍ അപകടത്തില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണീരൊപ്പാന്‍ കേരള പോലീസ് ഹൗ സിംഗ് സഹകരണ സംഘം. കഴിഞ്ഞ മാസം 26 നാണ് ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ ഓഫീസര്‍ ചെറുത്തൂര്‍ മയിച്ചയിലെ കെ. കെ. സജീഷ് (35) , മറ്റൊരു ഉദ്യോഗസ്ഥനായ സീനിയര്‍ സിവില്‍ ഓഫീസര്‍ പെരിയ സ്വദേശി സുഭാഷ് ചന്ദ്രന്‍ (40) എന്നിവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ച് സജീഷിന് ദാരുണാന്ത്യം സംഭവിച്ചത്. നീലേശ്വരത്തെ പോലീസ് കോട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു സജീഷും കുടുംബവും. നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപം സ്വന്തമായി പുതിയ വീടിന്റെ നിര്‍മ്മാണം അവസാനം ഘട്ടത്തില്‍ എത്തിയിരുന്നു.

വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ വേണ്ടി കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തില്‍ നിന്ന് 28 ലക്ഷം രൂപ ലോണ്‍ എടുത്തായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. വീടിന്റെ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തീകരിക്കപ്പെട്ടു നില്‍ക്കുമ്പോഴാണ് കുടുംബത്തെയും, സഹപ്രവര്‍ത്തകരേയും നാട്ടുകാരെയുമെല്ലാം ദുഃഖത്തില്‍ ആഴ്ത്തികൊണ്ട് അപ്രതീക്ഷിതമായ ദുരന്തത്തില്‍ സജീഷിന്റെ വിയോഗമുണ്ടായത്. സജീഷിന്റെ ഹൗസിംഗ് ലോണ്‍ തുകയില്‍ 2441522 രൂപ ബാധ്യത ബാക്കിയുണ്ടായിരുന്നു. സജീഷിന്റെ കടം ഏറ്റെടുക്കാന്‍ കേരള ഹൗസിങ് സഹകരണ സംഘം കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമതി യോഗം തീരുമാനിക്കുകയും സംഘത്തില്‍ ഈടായി നല്‍കിയ ആധാരം കുടുംബത്തിനെ ഏല്‍പ്പിക്കാനുള്ള മാതൃകാപരമായ തീരുമാനം എടുക്കുകയും ചെയ്തു. ആധാരം കൈമാറല്‍ ചടങ്ങ് നവംബര്‍ 2 ന് രാവിലെ 10 ന് സജീഷിന്റെ ഭാര്യ കരിന്തളം കയനി സ്വദേശിനി സി.ഷൈനി മോള്‍, മക്കളായ ദിയ, ദേവജ് എന്നിവര്‍ താമസിക്കുന്ന നീ ലേശ്വരം പോലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ച് സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖര്‍ കുടുംബത്തിന് കൈമാറും. കണ്ണൂര്‍ റൂറല്‍ ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭാരത് റെഡി, ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.

error: Content is protected !!