നീലേശ്വരം വെടിക്കെട്ട് അപകടം : അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് : എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞുറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിനിടയിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് നടക്കുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. പത്ര-ദൃശ്യവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വെടിക്കെട്ട് നടത്തുന്നതിന് ക്ഷേത്രകമ്മറ്റി നിയമാനുസൃതം ലൈസന്‍സ് എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പടക്കം വാങ്ങിയ കടയ്ക്ക് നിയമാനുസൃതം ലൈസന്‍സുണ്ടോ എന്നറിയണം. അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു. അപകടത്തില്‍ പൊള്ളലേറ്റ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുണ്ട്. വെടിക്കെട്ടിന് വേണ്ടി സംഭരിച്ചതും ഉപയോഗിച്ചതുമായപടക്കത്തിന്റെ കണക്ക് കണ്ടെത്തണം. പടക്കം വാങ്ങിയ കടയുടെ വിശദാംശങ്ങളും ലഭിക്കാനുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെയും സംഭവം നേരില്‍ കണ്ടവരുടെയും മൊഴി രേഖപ്പെടുത്തണം. വുണ്ട് സര്‍ട്ടിഫിക്കറ്റും ലഭിക്കാനുണ്ട്. ബന്തവസ്സില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലം ജില്ലാ ഫോറന്‍സിക് ലാബില്‍ നിന്നും ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ഒക്ടോബര്‍ 20 നാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഏറ്റെടുത്ത അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

error: Content is protected !!