മാരിയമ്മ ക്ഷേത്രത്തില്‍ രാജഗോപുരത്തിന്റെ കട്ടിള വെച്ചു; കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തിലെ രാജഗോപുരത്തിന്റെ കട്ടിളവെക്കല്‍ ചടങ്ങ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗ നിര്‍വഹിച്ചു. ഹോസ്ദുര്‍ഗ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് അഡിഗയെ മുത്തുക്കുടയും കലശവുമായി സ്വീകരിച്ച് ക്ഷേത്രാങ്കണത്തില്‍ തന്ത്രി പരമേശ്വരന്‍ വാരിക്കാട്ട് തായരും മേല്‍ശാന്തി പുതുമന സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ചേര്‍ന്ന് പൂര്‍ണകുംഭ നല്‍കി. ക്ഷേത്രദര്‍ശനം നടത്തിയ ശേഷം അദ്ദേഹം നവരത്‌നങ്ങളും സ്വര്‍ണവും നിക്ഷേപിച്ച് കട്ടിളവെക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. ഈശ്വരന്‍ അവനവന്റെ ഉള്ളില്‍ തന്നെയുണ്ടെന്നും അതുകൊണ്ടു തന്നെ നമ്മുടെ ചിന്തകളും പ്രവൃത്തിയും പവിത്രമായിരിക്കണമെന്നും ക്ഷേത്രത്തിന്റെ അഭിവൃദ്ധി നാടിന്റെ ഉയര്‍ച്ചയ്ക്ക് കാരണമാകുമെന്നും
സുബ്രഹ്‌മണ്യ അഡിഗ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാരിക്കാട്ട് തായര്‍, നവീകരണ കമ്മിറ്റി പ്രസിഡന്റ് ഡോ.വിവേക് സുധാകരന്‍, സെക്രട്ടറി ടി.പി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. അന്ന പ്രസാദ വിതരണവും നടന്നു. ഒന്നരക്കോടി രൂപയുടെ മതിപ്പു ചെലവിലാണ് ഗോപുരം-ചുറ്റുമതില്‍-നടപ്പന്തല്‍ എന്നിവ വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ ചുറ്റുമതില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിക്കുന്ന ഗോപുരത്തിന്റെ അധിഷ്ഠാനവും സ്ഥാപിച്ചു. കാര്‍ക്കള, മുരുഡേശ്വര്‍ എന്നിവടങ്ങളിലാണ് ഗോപുരം പണി നടക്കുന്നത്. നാലമ്പലത്തിന് പുറത്ത് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ മുഴുവനായി കരിങ്കല്‍പ്പാളി പതിക്കുന്ന പ്രവൃത്തിയും ഇതില്‍ ഉള്‍പ്പെടുന്നു. ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് നവീകരണക്കമ്മിറ്റി ഭാരവാഹികള്‍അറിയിച്ചു.

error: Content is protected !!