ഷാര്‍ജ:യു.എ.ഇയില്‍ ആദ്യമായി വനിതകളുടെ നേതൃത്വത്തില്‍ പൂരക്കളി അവതരിപ്പിച്ച് മടിക്കൈ പ്രവാസി അസോസിയേഷന്‍ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ വേദിയിലാണ് മടിക്കൈ പ്രവാസി അസോസിയേഷന്‍ വനിതാ സംഘം ഈ അനന്യ കലാരൂപം അവതരിപ്പിച്ചത്.
പൂരക്കളിയുടെ ഉത്ഭവം പൗരാണിക വിശ്വാസങ്ങളോട് അടുപ്പമുള്ളതാണ്. കാമദേവനെ ഭസ്മമാക്കിയശേഷം ലോകത്തില്‍ നിന്ന് സ്‌നേഹം അപ്രത്യക്ഷമായപ്പോള്‍, പ്രണയത്തിന്റെ പുനര്‍ജന്മത്തിനായി കാമദേവന്റെ പത്‌നിയായ രതീദേവിയുടെ നേതൃത്വത്തില്‍ ദേവലോക നര്‍ത്തകിമാര്‍ പരമശിവനെ സമീപിച്ചതായി പുരാണങ്ങള്‍ പറയുന്നു. ശിവന്റെ നിര്‍ദേശപ്രകാരം അവര്‍ പൂക്കളാല്‍ കാമദേവന്റെ രൂപം നിര്‍മ്മിച്ച് മഹാവിഷ്ണുവിനെ സ്തുതിച്ചു കൊണ്ട് പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചു. ഇതുതന്നെയാണ് പിന്നീട് പതിനെട്ട് നിറങ്ങളാല്‍ ഭംഗിയാര്‍ന്ന ”പൂരക്കളി” എന്ന നൃത്തരൂപമായി വളര്‍ന്നു വന്നത്.
ഈ ദൈവിക കലാരൂപം വിദേശ വേദിയില്‍ ആദ്യമായി അവതരിപ്പിച്ചതോടെ, പ്രവാസി മലയാളികളുടെ മനസ്സുകളില്‍ അഭിമാനത്തിന്റെ ചിറകുകള്‍ വിരിയിച്ചു. ശുദ്ധമായ മലയാളി പാരമ്പര്യത്തെയും സ്ത്രീശക്തിയെയും ഒരുമിപ്പിച്ച ഈ അവതരണം, ആ വേദിയിലെ പ്രധാന ആകര്‍ഷണമായി മാറി.
മടിക്കൈ പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗം ഒരുക്കിയ പൂരക്കളി, മലയാളി സമൂഹത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യത്തിന് വിദേശഭൂമിയിലും പുതുജീവന്‍ പകര്‍ന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത.
നന്ദ കുമാര്‍ ആറ്റിപ്പിലിന്റെ ശിക്ഷണത്തില്‍ ശുഭ സുമേഷ്, ശ്രുതി അജിത്ത്, ഷീബ ഉണ്ണി,ബിന്ദു കണ്ണന്‍, സിമി നന്ദന്‍, ധന്യ മധു, നിഷ പുഷ്പരാജന്‍, ജിജിത സുനേഷ്, ലേഖ രാജന്‍,ശ്യമിനി ദിബീഷ്,വിജിത,ഋതിക പുഷ്പരാജന്‍, മണിഷിക മധു, ജിഷ കിരണ്‍,അനഘ രാജു, പ്രിയങ്ക രതീഷ് എന്നിവര്‍ ഒരു മാസത്തെ പരിശീലനത്തിലൂടെ ആണ് പൂരകളിഅവതരിപ്പിച്ചത്.
