നീലേശ്വരം: മത്സരിക്കുക, റിക്കാര്‍ഡോടെ സ്വര്‍ണം നേടുക. പോള്‍വോള്‍ട്ടില്‍ ഡി.വി.ശ്രീയാലക്ഷ്മി തന്റെ നാലാമത്തെയും അവസാനത്തേതുമായ ജില്ലാ സ്‌കൂള്‍ കായികമേളയിലെത്തിയപ്പോഴും പതിവുകളൊന്നും തെറ്റിച്ചില്ല. നാലു തവണയും ശ്രീയാലക്ഷ്മിയുടെ മത്സരം തന്നോടു തന്നെയായിരുന്നു. താന്‍ സ്ഥാപിച്ച റിക്കാര്‍ഡുകള്‍ തന്നെയാണ് ഈ മിടുക്കി തകര്‍ത്തുകൊണ്ടിരുന്നത്. ഇത്തവണ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടുപേര്‍ മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. ശ്രീയാലക്ഷ്മി 2.40 മീറ്റര്‍ ഉയരം താണ്ടിയപ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന മത്സരാര്‍ഥി താണ്ടിയത് 1.10 മീറ്റര്‍ മാത്രമാണ്. തന്റെ 1.90 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് ശ്രീയാലക്ഷ്മി ഇത്തവണ തകര്‍ത്തത്. ബംഗളുരുവില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നടത്തുന്ന പരിശീലനമാണ് ശ്രീയാലക്ഷ്മിയുടെ മിന്നുംപ്രകടനത്തിന് കാരണം. ദേശീയ പോള്‍വോള്‍ട്ട് താരവും റെയില്‍വേ ഉദ്യോഗസ്ഥനുമായ കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി ബിനീഷ് ജേക്കബ് ആണ് പരിശീലകന്‍. തൃക്കരിപ്പൂര്‍ നടക്കാവ് വൈക്കത്തെ കാറ്ററിംഗ് സ്ഥാപന ഉടമ രമേശന്‍ പാവൂരിന്റെയും ബബിതയുടെയും മകളായ ശ്രീയാലക്ഷ്മി ഉദിനൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്.
