കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 22.5 കിലോ കഞ്ചാവുമായി പിടികൂടിയ കേസില്‍ മൂന്നു പ്രതികള്‍ക്ക്
പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. നെല്ലിക്കട്ട ആമുസ് നഗറില്‍ താമസിക്കുന്ന അബ്ദുള്‍ റഹ്‌മാന്‍
( 55) ,പെരുമ്പളക്കടവ് കബീര്‍ മന്‍സിലില്‍ സി എ .അഹമ്മദ് കബീര്‍ (43), ആദൂര്‍ കണ്ടറില്‍ പോക്കറടുക്ക മന്‍സിലില്‍ കെ പി മുഹമ്മദ് ഹാരീസ് (40) എന്നി പ്രതികള്‍ക്കാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ. പ്രിയ കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികതടവും അനുഭവിക്കണം. 2022 ഫെബ്രുവരി 4 ന് രാത്രി 8.30 മണിക്ക് കാസര്‍കോട് ചൗക്കി പെട്രോള്‍ പമ്പിന് സമീപം എന്‍ എച്ച് റോഡിലൂടെ കെ എല്‍ 14 എല്‍ 2060 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. അന്നത്തെ കാസര്‍കോട് സഞ്ച് – ഇന്‍സ്‌പെക്ടറായിരുന്ന പി.മധുസദനന്‍, എസ്.ഐ കൃഷ്ണന്‍ കൊട്ടിലക്കണ്ടി ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായിരുന്ന ഫിലിപ്പ് തോമസ് ,സുരേഷ് ,സനീഷ് ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കഞ്ചാവും വാഹനമുള്‍പ്പെടെ പ്രതികളെ അറസ്റ്റു ചെയ്തതും കോടതിയില്‍ ഹാജരാക്കിയതും .തുടര്‍ന്നന്വേഷണം നടത്തിയത് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടറും ,ഇപ്പോള്‍ ബേക്കല്‍ സബ്ബ്- ഡിവിഷന്‍ ഡിവൈഎസ്പിയുമായ വി.വി മനോജും ,തുടര്‍ന്ന് അന്വേഷണം പൂര്‍ത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കാസര്‍കോട് ഇന്‍സ്‌പെക്ടറായ പി.അജിത്ത് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, അഡ്വ.ചിത്രകല എന്നിവര്‍ ഹാജരായി
