കാസര്‍കോട്: ശബരിമലയിലെ സ്വര്‍ണകൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാര്‍ച്ചിനെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ചില പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചു. സംഘര്‍ഷാവസ്ഥയിലെത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
വീരപ്പന്റെയും കായകുളം കൊച്ചുണ്ണിയും കുഴിമാടത്ത് നിന്ന് വന്ന് ക്ലിപ്പ് ഹൗസിലെത്തി പിണറായിയുടെ കാല് പിടിച്ച് തങ്ങളുടെ റിക്കാര്‍ഡ് തകര്‍ക്കരുതെന്ന് പറയുന്ന ഘട്ടത്തിലേക്കാണ് ഇന്ന് കേരളത്തില്‍ കാണുന്ന എല്ലാ അഴിമതിയും സൂചിപ്പിക്കുന്നയെന്ന്
മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടിപറഞ്ഞു. 20 വര്‍ഷമായി ശബരിമലയില്‍ നടന്ന കൊള്ളയും സ്വര്‍ണ കവര്‍ച്ചയും സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ച് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
ടിപ്പുസുല്‍ത്താനും മുഗളന്മാരും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചത് ചരിത്രമാണ്. അതുപോലെ പിണറായി വിജയന് ശബരിമല കൊള്ളയടിച്ച സുല്‍ത്താനാണെന്ന് ഭാവി തലമുറയിലെ കുട്ടികള്‍ പാഠപുസ്തകത്തില്‍ പഠിക്കും. ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്ന നാടാണ് കേരളം.ശബരിമലയില്‍ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊള്ള പുറത്ത് വരികയാണ്. ഭാരതത്തില്‍ ഹിന്ദുക്കളുടെയൊഴിച്ച് എല്ലാ മതങ്ങളുടേയും ക്ഷേത്രങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത് അതാത് മതവിശ്വാസികളാണ്. ഹിന്ദുക്കളുടേത് മാത്രം ഈശ്വര വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള അചാരകവാദികളും രാഷ്ട്രീയക്കാരുമാണ് കൈകാര്യം ചെയ്യുന്നത്. ക്രിസ്ത്യന്‍, ഇസ്ലാം, ജൂത മതങ്ങളുടേയും ഭാരതത്തില്‍ തന്നെയുള്ള ബുദ്ധ, ജൈന, സിക്ക് മതങ്ങളുടെ വിശ്വാസികള്‍ക്ക് തന്നെയാണ് ക്ഷേത്രങ്ങളുടേയും സ്ഥാപനങ്ങളുടേയും നടത്തിപ്പവകാശം. അതുപോലെ അതാത് മതത്തിന്റെ വിശ്വാസികള്‍ തന്നെ കൈകാര്യം ചെയ്യുന്നതിന് കേരളത്തിലും ഭാരതത്തിലും നിലപാട് കൊണ്ടുവരണം. 370-ാം വകുപ്പ് എടുത്ത് കളഞ്ഞതുപോലെ ധീരമായ നിയമം കൊണ്ടുവരണം. പിണറായി വിജയന് ശബരിമലയില്‍ ആചാരലംഘനം നടത്തി അതില്‍ നിന്ന് മോക്ഷം കിട്ടാന്‍ വേണ്ടിയിട്ടാണ് ആഗോള അയപ്പ സംഗമം നടത്തിയത്. പുതിയ സംഭവികാസങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒളിച്ചോടാന്‍ സാധിക്കില്ല. അയ്യപ്പ ശാപത്തില്‍ നിന്ന് പിണറായി വിജയനും കൂട്ടര്‍ക്കും മോചനം ലഭിക്കില്ലെന്നും അബ്ദുള്ള കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി അധ്യക്ഷയായി.
ലോഹത്തെ സ്വര്ണ്ണമാക്കുന്നവരാണ് ആല്ക്കമിസ്റ്റുകളെങ്കില് സ്വര്‍ണ്ണത്തെ ചെമ്പാക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നും സ്വര്ണ്ണപാളിയെ ചെമ്പുപാളിയാക്കുന്ന വിദ്യയ്ക്ക് പിണറായി വിജയനും കൂട്ടര്‍ക്കും നോബല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി പരിഹസിച്ചു.സംസ്ഥാന സെല്‍കോഡിനേറ്റര്‍ അഡ്വ.വി.കെ.സജീവന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്.സുനില്‍, എന്‍.ബാബുരാജ്, മനുലാല്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു. വിദ്യാനഗറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.രമേശ്, എച്ച്.ആര്.സുകന്യ, എം.ഭാസ്കരന്,എം.ബല്‍രാജ്, സെക്രട്ടറിമാരായ എന്‍.മധു, ലോകേഷ് നോണ്ട, സഞ്ചീവപുളിക്കൂര്‍, കെ.എം.അശ്വിനി, കെ.ടി.പുരുഷോത്തമന്, പുഷ്പ ഗോപാലന്, സെല്‍കോഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, ഖജാന്‍ജി വീണഅരുണ്‍ഷെട്ടി, മേഖല വൈസ് പ്രസിഡന്റ് വിജയ്കുമാര്‍റൈ, സംസ്ഥാന സമതി അംഗങ്ങളായ എ.വേലായുധന്, സവിത ടീച്ചര്‍, സതീഷ് ചന്ദ്രഭണ്ഡാരി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്.രമണി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഹൈല്‍ കൂളിയംങ്കാല്‍ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.വത്സരാജ് തുടങ്ങിയവര്‍ നേതൃത്വംനല്കി.
