യു.എഇ: ‘വടക്ക് കാഞ്ഞങ്ങാടിനടുത്തുള്ള രാവണേശ്വരം എന്ന ചെറിയ ഗ്രാമം’ എന്ന സിനിമാ വാചകമായിരുന്നു മുന്‍കാലങ്ങളില്‍ പ്രവാസികളായ രാവണേശ്വരത്തുകാര്‍ തങ്ങളുടെ നാടിനെ പരിചയപ്പെടുത്തുവാന്‍ ഉപയോഗിച്ചുപോന്നിരുന്ന വാചകം, എന്നാല്‍ ഇന്ന് രാവണേശ്വരത്തെക്കുറിച്ച് കേള്‍ക്കാത്ത, പ്രത്യേകിച്ച് യു.എ.ഇ യുടെ പ്രവാസ്സമണ്ണില്‍ ഒരു രാവണേശ്വരക്കാരനെയെങ്കിലും പരിചയപ്പെടാത്ത മറുനാട്ടുകാര്‍ വരളെ വിരളം എന്നുതന്നെ പറയാം.
രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച രാവോണത്തില്‍ എത്തിച്ചേര്‍ന്ന വിശിഷ്ട അതിഥികള്‍ ഓരോരുത്തരും രാവണേശ്വരം എന്ന ഒരു കൊച്ചു നാടിനെക്കുറിച്ച് വാചാലരായപ്പോള്‍, അത് ഓരോ രാവണേശ്വരകാരനും അഭിമാന നിമിഷമായിമാറി.
രാവണേശ്വരം പോസ്റ്റ് ഓഫീസില്‍ പരിധിയില്‍ നിന്നും കടല്‍ കടന്ന് യു.എ.ഇ യില്‍ എത്തിയ നാട്ടുകാര്‍ക്കിടയില്‍ 2005 ല്‍ രൂപംകൊണ്ട രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5ന് അജ്മാന്‍ ഹീലിയിയില്‍ ഉള്ള ഗുഡ് എര്‍ത്ത് ഫാം ഹൌസില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷം ‘രാവോണം’ വളരെ ഗംഭീരമായി ആഘോഷിച്ചു. മെമ്പര്‍മാരും കുടുംബങ്ങളും അടക്കം മുന്നൂറ്റി അന്‍പതിലധികം പേര്‍ പങ്കെടുത്ത ഓണാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍ കൂട്ടക്കനിയുടെ അദ്ധ്യക്ഷതയില്‍ കേരള കൃഷിവകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു, ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീ. ശ്രീപ്രകാശ്, ഡോ: സൗമ്യ സരിന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട് സ്വാഗതവും, ട്രഷറര്‍ അനീഷ് വാണിയംപാറ നന്ദിപ്രകാശനവും നിര്‍വ്വഹിച്ചു.
കുട്ടികളുടെ പാട്ടും, ഡാന്‍സും, വനിതാ അംഗങ്ങളുടെ തിരുവാതിരയും, മെമ്പര്‍മാരുടെ പൂരക്കളിയും തുടങ്ങി രാജേഷ് രാമഗിരി പ്രിയേഷ് മാക്കി എന്നിവരുടെ നേതൃത്വത്തില്‍ മെമ്പര്‍മാരെ അണിനിരത്തി അവതരിപ്പിച്ച കലാവിരുന്നും, എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ വര്‍ണ്ണ ശഭളമായ ഘോഷയാത്രയും, ഓണപൂക്കളവും, മഹാബലിയും രാവോണത്തിന് മാറ്റുകൂട്ടി, കൂടാതെ സാധാരണയായി കണ്ടുവരുന്ന ഹോട്ടളില്‍ നിന്നുള്ള ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട്, സുനില്‍ വേങ്ങച്ചേരിയുടെ മേല്‍നോട്ടത്തില്‍ മെമ്പര്‍മാരായ ഇരുപത്തഞ്ചോളം പേരെ ഉള്‍പ്പെടുത്തി രാവണേശ്വരത്തിന്റെ തനത് രുചിയില്‍ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയും രാവോണം ഏറെ വ്യത്യസ്ഥത പുലര്‍ത്തി. തുടര്‍ന്ന് യാഷ് ഇവന്റിന്റെ കലാകാരന്‍മാര്‍ അവതരിപ്പിച്ച സംഗീത വിരുന്നോടുകൂടി രാവോണത്തിനുതിരശീലവീണു.
