ആചാര്യശ്രീ പുരസ്‌കാരം കെ. കെ. പിഷാരടി മാഷ് ഏറ്റുവാങ്ങി

തിരുവനന്തപുരം:അധ്യാപകശാപവും അയ്യപ്പശാപവും ഒരു പോലെ ഏറ്റുവാങ്ങിയ , ആചാരാനുഷ്ഠാനലംഘനത്തിന് കുടപിടിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമതി അംഗം കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ് (കെ. ആര്‍.ടി.സി.)സംഘടിപ്പിച്ച ലോകാധ്യാപകദിനാചരണവും ഗുരുശ്രേഷ്ഠ, കര്‍മ്മശ്രേഷ്ഠ, ആചാര്യശ്രീ പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ നടത്തിയ മഹാസംഗമത്തെ പിന്തുണച്ചവര്‍ക്കും അയ്യപ്പന്റെ കോപം ഏല്‍ക്കേണ്ടിവരും. പേപ്പട്ടികടിച്ചാല്‍ ഒരാഴ്ച്ച കഴിഞ്ഞ് മരിക്കും, എന്നാല്‍ അവര്‍ക്ക് മരുന്ന് കുത്തിവെച്ചാല്‍ അന്നുതന്നെ മരിക്കുമെന്നതാണ് ഇന്നത്തെ ആരോഗ്യകേരളത്തിന്റെ അവസ്ഥ.
പ്രോട്ടോക്കോളില്‍ , ഡെസിഗ്‌നേഷനില്‍ വിരമിക്കല്‍ ഇല്ലാത്ത ഒരേയൊരു വിഭാഗമാണ് അധ്യാപകര്‍ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കേരള ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ ഡോ:എന്‍. രാധാകൃഷ്ണന്‍ അധ്യാപകദിനസന്ദേശം നല്‍കി. ജി. രവീന്ദ്രന്‍ നായര്‍ ഗുരുശ്രേഷ പുരസ്‌കാരവും ആര്‍. അരുണ്‍കുമാര്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരവും, കെ. കെ. പിഷാരടി മാഷ് ആചാര്യശ്രീ പുരസ്‌കാരവും ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ : ടി. ശരത്ചന്ദ്രപ്രസാദ്, ഡോ : നടുവട്ടം ഗോപാലകൃഷ്ണന്‍,
കമ്പറ നാരായണന്‍, ജനറല്‍ സെക്രട്ടറി അടാട്ട് വാസുദേവന്‍, ട്രഷറര്‍ കെ.സുധാകരന്‍ , വസുമതി ജി. നായര്‍, പി.കോയക്കുട്ടി,
വിഴിഞ്ഞം ഫനീഫ, ലളിതാ സോളമന്‍ അലക്‌സ്, ലീലാമ്മ ഐസക്,  എം.എസ്.ഗോപകുമാരന്‍ നായര്‍, ആര്‍.മോഹനന്‍, ബി. മോഹനകുമാര്‍, ഡി.ആര്‍. ജോസ് എന്നിവര്‍പ്രസംഗിച്ചു.

 

 

error: Content is protected !!