കാഞ്ഞങ്ങാട്: നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ്പ ചുമത്തിയ വിവരം അറിഞ്ഞ് ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍. അജാനൂര്‍ തെക്കുപുറത്തെ ടി എം സമീര്‍ എന്ന ലാവാ സമീറി(42)നെയാണ് ഡിവൈഎസ് പി സി കെ സുനില്‍കുമാറും സ്ക്വാഡും ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറും ചേര്‍ന്ന് പിടികൂടിയത്. നരഹത്യാശ്രമം, മയക്കുമരുന്ന്, കവര്‍ച്ച കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായതോടെയാണ് സമീറിനെതിരെ കാപ്പ ചുമത്തിയത്. ഈ വിവരമറിഞ്ഞ് സമീര്‍ ഒളിവില്‍ പോകുകയായിരുന്നു. ബംഗ്ളൂരു, മുംബൈ എന്നിവിടങ്ങളിലും ഒരു തവണ നേപ്പാളിലും ഒളിവില്‍ കഴിഞ്ഞു. പല തവണ വാട്സ് ആപ്പ് കോളുകള്‍ വഴിയാണ് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നത്. അതു കൊണ്ട് ഒളിവില്‍ കഴിയുന്ന സ്ഥലം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് സമീര്‍ നാട്ടിലെത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ സ്കൂട്ടറില്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് സംഘം സമീറിനെ പിന്തുടര്ന്നു. പെരിയയില്‍ എത്തി ഒരു പെട്രോള്‍ പമ്പില്‍ നിന്ന് എണ്ണ നിറയ്ക്കുന്നതിനിടയില്‍ പോലീസ് പിന്തുടര്ന്നെത്തി. പോലീസിനെ കണ്ടതോടെ സമീര്‍ അതിവേഗതയില്‍ സ്കൂട്ടര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ രഹസ്യമായി പിന്തുടര്‍ന്ന പോലീസ് സംഘം രാത്രി പള്ളിക്കര, പൂച്ചക്കാട് വച്ച് സമീറിനെ പിടികൂടുകയായിരുന്നു.
