ചെറുകിട ഔഷധ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ നടപടി വേണം: എ.കെ.സി.ഡി.എ

കാസര്‍കോട്:ജിഎസ്ടി കൗണ്‍സില്‍ തീരുമാനപ്രകാരം ജിഎസ്ടിയില്‍ വന്നിട്ടുള്ള മാറ്റം പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരം ആണെങ്കിലും ഭൂരിപക്ഷം വരുന്ന ജിഎസ്ടി റജിസ്‌ട്രേഷന്‍ ഇല്ലാത്ത ചെറുകിട ഷോപ്പുകള്‍ക്കും കോമ്പൗണ്ട് സ്‌കീമില്‍ ഉള്ളവര്‍ക്കും ഇരുട്ടടിയാണ് സംഭവിച്ചിരിക്കുന്നത്.ഇവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി )ലഭ്യമല്ലാത്തതിനാലാണ് ഈ പ്രതിസന്ധി വരുന്നത്.പഴയ ജിഎസ്ടി 12 ശതമാനം എന്നത് അഞ്ച് ശതമാനം ആക്കി കുറച്ച മരുന്നുകളുടെ എംആര്‍പിയില്‍ 6.25 ശതമാനം കുറവും, 12 ത്തില്‍ നിന്ന് പൂജ്യം ശതമാനം ആക്കിയതിന് എംആര്‍പിയില്‍ 11.02ശതമാനവും, 5ശതമാനത്തില്‍ നിന്ന് പൂജ്യം ശതമാനം ആക്കിയത് 4.77 ശതമാനവും കുറവ് വരുത്തി വേണം വില്‍പ്പന നടത്താന്‍.ഇതില്‍ ആവറേജ് 7 ശതമാനം കണക്കാക്കിയാല്‍ 10 ലക്ഷം നിലവില്‍ സ്റ്റോക്കുള്ള ഒരു ചെറിയ മെഡിക്കല്‍ സ്റ്റോറില്‍ 70,000 രൂപ നഷ്ടം വരുന്ന സ്ഥിതിയാണുള്ളത്. ആയതെല്ലാം പരിഗണിച്ചു ചെറുകിട ഔഷധ വ്യാപാരികളുടെ നഷ്ടം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര,കേരള സര്‍ക്കാറുകളോട് ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.കെ. ആസിഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

error: Content is protected !!