തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേര്‍ മാത്രമാണ് മരിച്ചതെന്ന നേരത്തേയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തില്‍ ഈ വര്‍ഷം 17 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (51) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്തുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
