ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും എഐടിയുസി വര്‍ക്കിംഗ് പ്രസിഡന്റുമാണ്.
സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കെ പ്രകാശ് ബാബുവിന്റെ പേര് ഒരുപക്ഷം ഉയര്‍ത്തിയിരുന്നു. പദവി നേടാനുള്ള താത്പര്യക്കുറവ് അദ്ദേഹം വ്യക്തമാക്കിയതോടെ മത്സരസാദ്ധ്യത ഇല്ലാതായി. പഴയ കാനം പക്ഷക്കാരും മന്ത്രിമാരുമായ കെ രാജന്, പി പ്രസാദ്, പിപി സുനീര്‍, പി സന്തോഷ് കുമാര്‍ എംപി എന്നിവര്‍ ബിനോയ് വിശ്വം പക്ഷത്തേക്ക് നീങ്ങുകയും പഴയ കെഇ ഇസ്മയില്‍ പക്ഷം അശക്തരാവുകയും ചെയ്തതോടെയാണ് സംസ്ഥാന സെക്രട്ടറി പദം ഒറ്റപ്പേരിലേക്ക് ഒതുങ്ങിയത്.
2022ലെ തിരുവനന്തപുരം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന് 23 ഡിസംബറില്‍ മരണമടഞ്ഞതോടെയാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്. ഇത്തവണ സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുന്ന സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന് വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ചുമതലകള്‍ നിര്‍വഹിക്കാം.
