തോട്ടിലൂടെ ഒഴുകിപ്പോകുന്ന തേങ്ങ പിടിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു;  ചെമ്മട്ടംവയല്‍ സ്വദേശിയും ബാഞ്ചത്തടുക്ക ഇക്കേരിയിലെ താമസക്കാരനുമായ പ്രകാശനാണ് മരിച്ചത്

കാസര്‍കോട്: തേങ്ങയിടാന്‍ പോയി കാണാതായ യുവാവിന്റെ ജഡം അഞ്ചു ദിവസം പഴകിയ നിലയില്‍ ബൈക്കുഞ്ച തോട്ടിലെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബദിയഡുക്ക പോലീസ് കാസര്‍കോട് ഫയര്‍ ഫോഴ്സ്, മൊഗ്രാലിലെ ഫറൂഖ് എന്നിവരുടെ സഹായത്തോടെ ജഡം കരക്കെടുത്തു കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സ്വദേശിയും ബദിയഡുക്ക ബാഞ്ചത്തടുക്ക ഇക്കേരിയിലെ ഭാര്യ വീട്ടില്‍ താമസക്കാരനുമായ വി.വി. പ്രകാശ (41)ന്റെ മൃതദേഹമാണ് ഞായറാഴ്ച തോട്ടില്‍ കണ്ടെത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നു ജോലിക്കു പോകുന്നു എന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഇക്കേരി പാലത്തില്‍ നിന്ന് തോട്ടിലൂടെ ഒഴുകിപ്പോകുന്ന തേങ്ങ പ്രകാശന്‍ പിടിച്ചു കൊണ്ടു നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നതായി പറയുന്നു. അപസ്മാരരോഗി കൂടിയായ പ്രകാശന്‍ കാല്‍വഴുതി കുത്തൊഴുക്കുണ്ടായിരുന്ന തോട്ടില്‍ വീണതാകാമെന്നു സംശയിക്കുന്നു. വൈകിട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്നു വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നാലുദിവസമായി വിവിധ സ്ഥലങ്ങളിലും തോട്ടിലും അന്വേഷണം തുടരുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഇക്കേരിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ താഴെ ബൈക്കുഞ്ച തോട്ടിലെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

error: Content is protected !!